കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രോഗ ബാധിതരെ ശുശ്രൂഷിക്കാനുള്ള സംവിധാനവും സജ്ജമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഗവ. ജനറല്‍ ആശുപത്രി (ബീച്ച്ആശുപത്രി) എന്നീ കോവിഡ് ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യമേഖലയുമായി സഹകരിച്ച് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് മണാശ്ശേരി എന്നിവിടങ്ങളിലും കോവിഡ് ആശുപത്രികള്പ്രവര്ത്തന സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 18 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ എല്ലാ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളില്ലാത്ത 50 വയസ്സിന് താഴെയുള്ള മറ്റ് ഗുരുതരമായ രോഗങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായ രോഗികളെ അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുടെമേല്‍ നോട്ടത്തില്‍ വീടുകളില്‍ ചികിത്സിച്ച് വരുന്നുമുണ്ട്.