കോഴിക്കോട്: കൃസ്ത്യന്‍ പള്ളികളില്‍ വിശുദ്ധകുര്‍ബാന തുടങ്ങി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ല്‍ നിന്ന് 50 ആക്കി വര്‍ധിപ്പിച്ചു. ഇതിന് അനുമതി നല്കി കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു ഇന്നു രാവിലെ പുറത്തിറക്കി. മറ്റു മതങ്ങളിലെ ആരാധനാലയങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഉത്തരവില്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍-
1) വിവാഹ ചങ്ങുകളില്‍ 50 പേര്‍ക്കും, മരണ-മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
2) ദേവാലയങ്ങളിലെ സാധാരണ തിരക്കര്മ്മങ്ങളില് 50 പേര്‍ക്ക് പങ്കെടുക്കാം.ആളുകള്‍ തമ്മില്‍ ആറടി സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.
3) 65 വയസിന് മുകളിലുള്ളവര്‍, 10 വയസില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഒരുതരത്തിലുമുള്ള ഇത്തരം പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കരുത്.
4) പൊതുസ്ഥങ്ങളില് ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതും വരുന്നവരുടെ വിവരങ്ങള്‍ സ്കാന്‍ചെയ്ത് രജിസ്റ്ററാക്കേണ്ടതുമാണ്.
5) ചെറിയ വ്യാപാരസ്ഥാപനങ്ങളില്‍ ക്യൂആര്‍ കോഡിനു പകരം രജിസ്റ്റര്‍ബുക്ക് സൂക്ഷിച്ചാലും മതി.
6) ആറടി സാമൂഹിക അകലം പാലിച്ച് എത്രപേര്‍ക്ക് സ്ഥാപനങ്ങളില്‍ ഒരേസമയം പ്രവേശിക്കാമെന്നത് സ്ഥാപനത്തിന്റെ പുറത്ത് രേഖപ്പെടുത്തണം.
7) തെര്‍മല്‍ സ്കാനര്‍, സാനിറ്റെസര്‍ സംവിധാനം എന്നിവ നിര്‍ബന്ധമായും ഉണ്ടാവണം.
പാലിച്ചില്ലെങ്കില്‍-
കര്‍ശന നിയന്ത്രണങ്ങള്‍ ഓരോസ്ഥാപനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് വാര്‍ഡ് റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ പരിശോധിക്കും. മിന്നല്‍ പരിശോധന നടത്താന്‍ താലൂക്ക് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായും, കളക്ടറുടെ നിരര്ദേശങ്ങള് ലംഘിക്കുന്നവര്‍ക്കെതിരെ ദേശീയ ദുരന്തനിവാരണ നിയമമനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍ ഇ-ന്യൂസ് മലയാളത്തോടു പറഞ്ഞു.
കോവിഡ് സുരക്ഷയുടെ ഭാഗമായി ജില്ലയിലെ കൃസ്ത്യന്‍ ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്ന് ജില്ലാ കളക്ടര്‍ എ. സാംബശിവറാവു നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ മസ്ലിം പള്ളികളില്‍ ഇത് 40 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ജുമഅ നമസ്ക്കാരം നടത്താന്‍ ഏറ്റവും കുറഞ്ഞത് 40 പേര് വേണമെന്ന മത നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അനുമതി നല്‍കിയത്. കുര്‍ബാനയില്‍ പങ്കെടുക്കാനാവാതെ നിരവധി വിശ്വാസികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ എണ്ണം വര്‍ധിപ്പിക്കണമെന്ന് കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഉത്തരവ് ഇറങ്ങിതോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ വിഭാഗം ദേവാലയങ്ങളിലെയും തിരുകര്‍മ്മങ്ങളില്‍ ഇനി 50 പേര്‍ക്ക് പങ്കെടുക്കാം. തെര്‍മല്‍ സ്കാനര്‍, സാനിട്ടൈസര്‍ തുടങ്ങി മുന്‍കരുതലുകള്‍ ദേവാലയത്തില്‍ വിന്യസിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചുമാണ് വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്.