കോഴിക്കോട്: ബംഗാൾ ഉൾക്കടലിലിൽ ന്യൂനമർദം രൂപപ്പെടുന്നതിൻറെ ഭാഗമായി കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
സെപ്റ്റംബർ 20 ന് ഇടുക്കി,തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.