കോഴിക്കോട്: സ്വർണക്കടത്തിെൻറ ആസൂത്രകൻ, തെൻറ മരുമകൻ കൂടിയായ റമീസ് മുഹമ്മദിന് ജാമ്യം ലഭിക്കുന്നതിനും മാറാട് കലാപത്തെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഒഴിവാക്കിക്കിട്ടുന്നതിനും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പാർട്ടിയെ ബി.ജെ.പിക്ക് വിറ്റിരിക്കയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. മാറാട് കലാപത്തെു കുറിച്ചുള്ള ഏതന്വേഷണവും ചെന്നെത്തുക തന്നിലായിരിക്കുമെന്ന് നന്നായറിയുന്നത് കൊണ്ടാണ് വൻതുക നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ മാധ്യസ്ഥർ മുഖേനെ കുഞ്ഞാലിക്കുട്ടി അന്ന് ശ്രമിച്ചത്. ബി.ജെ.പിയുമായി ഇപ്പോൾ സഖ്യത്തിലേർപ്പെടാൻ കുഞ്ഞാലിക്കുട്ടി മുൻകൈ എടുക്കുന്നതും ഡൽഹിയിൽ വെച്ചുണ്ടാക്കിയ ധാരണയുടെ പുറത്താണ്. ദേശീയ രാഷ്ട്രീയം മതിയാക്കി കേരളത്തിലേക്ക് മടങ്ങിയത് തന്നെ ബി.ജെ.പിയുമായുണ്ടാക്കിയ ധാരണ നടപ്പാക്കാനാണ്. സ്വർണക്കടത്ത് കേസിലെ ഒരു ഡസനോളം വരുന്ന പ്രതികളെ ജയിൽമുക്തരാക്കുന്നതിനാണ് കോലീബി സഖ്യം യാഥാർഥ്യമാക്കിയതെന്നും അതിെൻറ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.