കോഴിക്കോട്: ധന ദു:സ്ഥിതിയുടെ പാപം ജീവനക്കാരുടെ ചുമലിൽ വെച്ചു കെട്ടരുതെന്നും
പാഴ്ച്ചെലവുകളും ധൂർത്തും മുഖമുദ്രയാക്കിയ ഇടതു സർക്കാറിൻ്റെ സാമ്പത്തിക ബാധ്യത തീർക്കേണ്ടത് ജീവനക്കാരുടെ വരുമാനം ഞെക്കിപ്പിഴഞ്ഞാവരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
സി പി ചെറിയ മുഹമ്മദ് .
രണ്ടാം സാലറി കട്ടിനെതിരെ സെറ്റ്കോ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ ശത്രുപക്ഷക്കാരാക്കി നിരന്തരം വേട്ടയാടിയ സർക്കാരാണിത്. നാലു ഗഡു ഡി എ കടിശ്ശികയാണ്. ശൂന്യവേതനാവധി ഇരുപത് വർഷമെന്നത് അഞ്ചാക്കി കുറച്ചു.ശമ്പള പരിഷ്കരണ നടപടി എങ്ങുമെത്തിയില്ല. രാഷ്ട്രീയ പകപോക്കലുകൾ നിത്യസംഭവമാണ്. ഇടതുഭരണത്തിൽ
ജീവനക്കാരൻ്റെ ആത്മാഭിമാനത്തിന് മുറിവേറ്റ് ചോര വാർന്നൊലിക്കുമ്പോഴും ഇടതു സംഘടനകളുടെ മൗനം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെറ്റ്കൊ ജില്ലാ ചെയർമാൻ പി കെ അസീസ് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ അബ്ദുള്ള അരയങ്കോട് സ്വാഗതം പറഞ്ഞു.കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡൻറ് കെ ടി അബ്ദുൽ ലത്തീഫ് മുഖ്യഭാഷണം നടത്തി.
എം പി അബ്ദുൽ ഖാദർ (കെ എ ടി എഫ്) കെ എം എ നാസർ (കെഎസ്ടിയു) ഗഫൂർ പന്തീർപാടം (എസ് ഇ യു ) ഡോ.മുജീബ് നെല്ലിക്കുത്ത് (സി കെ സി ടി) മുഹമ്മദ് റഫീഖ് (എസ് ജി ഒ യു ) കബീർ കൽപ്പള്ളി (കെ എച്ച് എസ് എൽ എം യു) അയ്യൂബ് കൂളിമാട്(കെ സി എം എസ് എ) പി മുഹമ്മദലി, സുഹൈലി ഫാറൂഖ്, സലാം കല്ലായ്, ഉമ്മർ ചെറൂപ്പ, ഷമീം അഹമ്മദ്, ആർ കെ ഷാഫി, ടി കെ ഫൈസൽ, ഐ സൽമാൻ, ടി കെ എ അസീസ്, എ അബ്ദുറഹീം എന്നിവർ സംസാരിച്ചു.