കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ ലേബർ കോഡ് ബിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ കുത്തനെ വെട്ടിക്കുറക്കുന്നതാണ് തൊഴിൽ ചട്ട ഭേദഗതി ബിൽ. മാധ്യമപ്രവർത്തകരുൾപ്പെടെ രാജ്യത്തെ സർവ തൊഴിൽ മേഖലയിലെയും തൊഴിൽ സ്ഥിരതയും വർഷങ്ങളായി അനുഭവിച്ച് പോരുന്ന വിവിധ അവകാശങ്ങളും കവർന്നെടുക്കാൻ കേന്ദ്ര സർക്കാർ അവസരം നൽകുകയാണ്. മാധ്യമപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വേജ് ബോർഡ് ഇല്ലാതാക്കാനാണ് നീക്കമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
വിരമിച്ച ജീവനക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് വകുപ്പ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു
.
ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.സി റിയാസ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടൻ, ജില്ലാ സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറർ ഇ.പി മുഹമ്മദ്, ജോ. സെക്രട്ടറി പി.കെ സജിത്ത്, സി.വി ഗോപാലകൃഷ്ണൻ, ടി. ഷിനോദ്കുമാർ, ബഷീർ കൊടിയത്തൂർ, എ.വി ഫർദിസ്, ടി.വി ലൈല, പി. ഷിമിത്ത്, പി. ജൈസൽ ബാബു, കെ.ടി അബ്ദുൽ അനീസ്, വി. സ്വാലിഹ് സംസാരിച്ചു.