കോഴിക്കോട്:എം ടിയുടെ തിരക്കഥയില്‍ രണ്ടാമൂഴം ചലച്ചിത്രം ചെയ്യാന്‍ ഗോകുലം ഗ്രൂപ്പിന് ഇനി താത്പര്യമില്ലെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. ഹരിഹരന്‍-എംടി കൂട്ടുകെട്ടില്‍ രണ്ടാമൂഴം പ്രൊഡ്യൂസ് ചെയ്യാന്‍ ആദ്യഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍, എംടി തിരക്കഥയുടെ പണിയിലായിരുന്നപ്പോള്‍ ശ്രീകുമാര്‍ എന്ന ആള്‍ ഇടപെട്ട് അഡ്വാന്‍സ് കൊടുത്ത് അത് മാറ്റിക്കളഞ്ഞത്. ആയിരം കോടിയുടെ പ്രൊജക്ടാണെന്ന് പറഞ്ഞ് ഒരു കോടി എം ടിക്ക് അഡ്വാന്‍സ് കൊടുത്ത് ആ പ്രൊജക്ട് സ്വന്തമാക്കുകയായിരുന്നു – ഗോകുലം ഗോപാലന്‍ പറഞ്ഞു.
എം ടിയെ പോലൊരു ആളെ നിര്‍ബന്ധിച്ച് അങ്ങനെയൊരു പ്രൊജക്ട് ചെയ്യിപ്പിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് അതില്‍ നിന്ന് പിന്‍മാറി. പഴശ്ശിരാജ പോലുള്ള സിനിമകളില്‍ എം ടി വളരെ നല്ല രീതിയില്‍ സഹകരിച്ചിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് എംടിയെന്നും ഗോകുലം ഗോപാലന്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞങ്ങള്‍ ഉപേക്ഷിച്ചൊരു കാര്യം പിന്നീട് തിരിച്ചെടുക്കില്ല. വേറെ എത്രയോ പുതിയ സിനിമകള്‍ ഉണ്ടല്ലോ. പത്തൊമ്പതാം നൂറ്റാണ്ട് പുതിയ പ്രൊജക്ട്. വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥ പറയുന്ന നല്ല സിനിമയാണിത്. വിനയനാണ് സംവിധായകന്‍.