കോഴിക്കോട്: സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എ ഐ സി ആര് പി എസ് ) മുപ്പത്തിയൊന്നാമത് ദേശീയ ശില്പശാലയാണ് പുതിയ സുഗന്ധവിളകളുടെ ഗുണമേന്മയുടെയും വിവിധ കാര്‍ഷിക കാലാവസ്ഥ മേഖലകളിലെ കാര്‍ഷിക പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ഇനങ്ങള്‍ കര്‍ഷകരിലേക്കെത്താന്‍ തയ്യാറാണെന്ന് വിലയിരുത്തിയത്.
രണ്ട് പുതിയ മഞ്ഞള്‍ ഇനങ്ങള്‍ ഓരോ ഇഞ്ചി ഉലുവ ഇനങ്ങളുമാണ് തയ്യാറായിട്ടുള്ളത്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ: ഡി പ്രസാദ് ആണ് പുതിയ ഇഞ്ചി ഇനം മുന്നോട്ടുവച്ചത്. കേരളം, കര്‍ണാടകം, ഒറീസ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ഈ ഇനം.
എ സി സി 247 എന്ന പുതിയ ഇനം പാചക ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുമെന്ന് ഇനങ്ങളെ വിലയിരുത്താനുള്ള പ്രത്യേക സമിതി വ്യക്തമാക്കി. ഗുണ്ടൂരില്‍ നിന്നുള്ള എല്‍ ടി എസ് 2, ഡൊപാളിയില് നിന്നുള്ള രാജേന്ദ്ര ഹല്‍ദി എന്നീ മഞ്ഞള്‍ ഇനങ്ങളും ഹിസാറില്‍ നിന്നുള്ള ഉലുവ ഇനവുമാണ് തയ്യാറായ മറ്റു സുഗന്ധ വിളകള്‍.
ഐ സി എ ആര് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. വിക്രമാദിത്യ പാണ്ഡെഅധ്യക്ഷനായ സമിതിയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നടത്തിയ കൃഷി പരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കി ഇനങ്ങള്‍ കര്ഷകരിലെത്താന് തയ്യാറായെന്നു വിലയിരുത്തിയത്.
ഗവേഷണ അവലോകന സമിതി യോഗം അധ്യക്ഷന്‍ ഡോ. എന്‍. കെ. കൃഷ്ണകുമാര്‍ ഭാരതീയ സുഗന്ധ വിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ജെ ഈപ്പന്, ഐ സി എ ആര്- നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ സീഡ് സ്പൈസസ് ഡയറക്ടര്‍ ഡോ. ഗോപാല്‍ ലാല്‍, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുന്‍ ഡയറക്ടറും എ ഐ സി ആര് പി എസ് മുന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും ആയ ഡോ. കെ നിര്‍മല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.