ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് ആക്രമിച്ചതായി ആരോപണം.
വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഹത്രാസിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലും പ്രിയങ്കയും നടന്നു വരുമ്പോഴാണ് പോലീസ് വീണ്ടും ഇടപെട്ടത്. രാഹുലും പ്രിയങ്കയും വരുന്നുവെന്നറിഞ്ഞത് മുതല്‍ക്ക് ഉത്തര്‍പ്രദേശ് പോലീസ് സര്‍വ്വ സന്നാഹവുമായി അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു.
ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. അതോടെ വാഹനവ്യൂഹം കടത്തിവിട്ടു. എന്നാല്‍, ഗ്രേറ്റര്‍ നോയിഡയിവല് വീണ്ടും തടഞ്ഞു. അവിടെ നിന്ന് രാഹുലും പ്രിയങ്കയും കാല്‍നടയായി നീങ്ങി. പോലീസ് തടഞ്ഞപ്പോള്‍ ഉന്തും തള്ളുമായി. രാഹുലിനെ പോലീസ് കായികമായി നേരിട്ടതോടെ അദ്ദേഹം നിലത്ത് വീണു. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണത്തിലാണ് മേഖലയെന്നും ആരെയും നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും നോയിഡ എഡിജിപി രണ്‍വിജയ് സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഐ പി സി 188 പ്രകാരം അറസ്റ്റ് ചെയ്തു. പിന്നീടിവരെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു.