localtop news

കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി ‘അപ്ന ഘർ’ ഹോസ്റ്റൽ വരുന്നു

ബാലുശ്ശേരി: സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി ‘അപ്ന ഘർ’ പദ്ധതി നടപ്പിലാക്കുന്നു. കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് മിതമായ നിരക്കിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ നിലവാരമുള്ള ഹോസ്റ്റൽ നൽകുന്ന പദ്ധതിയാണ് അപ്ന ഘർ. പദ്ധതിയുടെ ശിലാസ്ഥാപനം നാളെ (ഒക്ടോബർ മൂന്നിന്) രാവിലെ 11 മണിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും.

കിനാലൂർ കെ എസ് ഐ ഡി സി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻററിൽ ഒരേക്കർ ഭൂമിയിൽ അതിഥി തൊഴിലാളികൾക്കായി മൂന്നു നിലകളിലായി 520 ബെഡുകളോട് കൂടിയ ഹോസ്റ്റൽ സമുച്ചയമാണ് ഭവനം ഫൗണ്ടേഷൻ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. മൂന്ന് നിലകളിലായി 43,600 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമാണം..

ലോബി ഏരിയ, വാർഡൻ മുറി, ഓഫീസ് മുറി, സിക്ക് റൂം, 180 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഡൈനിങ് ഏരിയ, വർക് ഏരിയ, സ്റ്റോർ റൂം, ഭക്ഷണം തയ്യാറാക്കുന്ന മുറി, ഡിഷ്‌ വാഷ് ഏരിയ എന്നിവയോടുകൂടിയ അടുക്കള, 48 ടോയ്‌ലറ്റുകൾ, രണ്ട് കോണിപ്പടികൾ, റിക്രിയേഷണൽ റൂമുകൾ, സെക്യൂരിറ്റി ക്യാബിൻ, പാർക്കിംഗ് സൗകര്യങ്ങൾ, അഗ്നിശമന സംവിധാനം, മഴവെള്ള സംഭരണ സംവിധാനം, ഖരമാലിന്യനിർമാർജന യൂണിറ്റ്, സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ്, ഡീസൽ ജനറേറ്റർ സംവിധാനം, 24 മണിക്കൂർ സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനം, എന്നിവ കെട്ടിടത്തിൽ ഒരുക്കും. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒന്നാംഘട്ടത്തിൽ ഗ്രൗണ്ട് ഫ്ളോറും മറ്റ് പൊതുവായ സൗകര്യങ്ങളും രണ്ടാംഘട്ടത്തിൽ ശേഷിക്കുന്ന ജോലികളുമാണ് പൂർത്തീകരിക്കുക. 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിൽ നടപ്പിലാക്കുന്ന ഗ്രൗണ്ട് ഫ്ലോർ 15.760 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. കേരളത്തിലുടനീളമുള്ള അതിഥി തൊഴിലാളികൾക്ക് മിതമായ നിരക്കിൽ പാർപ്പിടം ആവശ്യമുള്ള സ്ഥലങ്ങളിൽ അപ്ന ഘർ പദ്ധതി വിപുലീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഭവനം ഫൗണ്ടേഷൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close