localtop news

കോഴിക്കോട് 144 പ്രഖ്യാപിച്ചു, ഇന്ന് മുതല്‍ 31 വരെ ഈ കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്

കോഴിക്കോട്:  ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്ന സാഹചര്യത്തില്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ ഒക്ടോബര്‍ 31 വരെ ജില്ലാകലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് രോഗ വ്യാപനം ഇനിയും കൂടുന്നത് ജനങ്ങളുടെ ജീവന് അപകടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടര്‍ 144 പ്രഖ്യാപിച്ചത്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്നു…

ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ആകെയുള്ള 19,896 കേസുകളില്‍ 13,052 കേസുകളും കഴിഞ്ഞ മൂന്നാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്തവയാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ നാല് ശതമാനമായിരുന്നു. നിലവില്‍ ഇത് 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ജില്ലാ തല അവലോകന യോഗത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. രോഗവ്യാപനം തടയാന്‍ ആളുകള്‍ കൂട്ടം ചേരുന്നത് തടയാന്‍ യോഗം നിര്‍ദ്ദേശിച്ചിരുന്നു.

അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് തടയും

പൊതുവിടങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് തടയും. ഇതിന് കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി സ്ഥലങ്ങള്‍, ഓഫീസുകള്‍, വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. സര്‍ക്കാര്‍ പരിപാടികള്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത ചടങ്ങുകള്‍ എന്നിവയില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇത്തരം പരിപാടികളില്‍ ആറ് അടി അകലം പാലിക്കുകയും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കുകയും വേണം.

രണ്ട് ആളുകള്‍ തമ്മിലുള്ള ദൂരം ആറ് അടി

കടകളില്‍ അനുവദനീയമായ ആളുകളുടെ എണ്ണം ഒരു സമയം 100 ചതുരശ്ര മീറ്ററിന് 15 വ്യക്തികളായി പരിമിതപ്പെടുത്തുകയും രണ്ട് ആളുകള്‍ തമ്മിലുള്ള ദൂരം ആറ് അടി ആയിരിക്കുകയും വേണം. അവശ്യ സേവനങ്ങള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും ഒഴികെ കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ആളുകള്‍ കടകളിലും മറ്റും ജോലിക്ക് പോകാന്‍ പാടില്ല. നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെയും സ്ഥാപനത്തിന്റെയും പ്രവര്‍ത്തന അനുമതി റദ്ദാക്കും.

ബീച്ചുകളില്‍ രാവിലെയും വൈകിട്ടുമുള്ള നടത്തത്തിന് നിയന്ത്രണം

കളിസ്ഥലങ്ങള്‍, ടര്‍ഫ്, ജിംനേഷ്യം, യോഗ /ഫിറ്റ്‌നസ് സെന്റര്‍, സ്വിമ്മിങ് പൂള്‍, സിനിമ തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. ബീച്ചുകളില്‍ രാവിലെയും വൈകിട്ടുമുള്ള നടത്തത്തിന് നിയന്ത്രണം ബാധകമാണ്. വിനോദസഞ്ചാരസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

ശവസംസ്‌കാര ചടങ്ങുകളില്‍ 20, വിവാഹച്ചടങ്ങുകളില്‍ 50

ശവസംസ്‌കാര ചടങ്ങുകളില്‍ 20 ആളുകളും വിവാഹച്ചടങ്ങുകളില്‍ 50 ആളുകളും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. കടകളും സ്ഥാപനങ്ങളും ഹാന്‍ഡ് സാനിറ്റൈസര്‍, തെര്‍മല്‍ ഗണ്‍ തുടങ്ങിയവ പ്രവേശന കവാടത്തില്‍ തന്നെ സജ്ജീകരിച്ചിരിക്കണം. സന്ദര്‍ശകര്‍ നിര്‍ബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണം ഉള്ള ആളുകള്‍, ജോലിക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് അയക്കാന്‍ പാടില്ല. ഇങ്ങനെയുള്ളവര്‍ ഫോണ്‍ മുഖേന മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുകയും വേണം.

കോവിഡ് ജാഗ്രത പോര്‍ട്ടല്‍

കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് ജാഗ്രത പോര്‍ട്ടല്‍ നിര്‍ബന്ധമായും പിന്തുടരണം. ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന യോഗങ്ങളില്‍ 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. 20 ല്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ നടത്താവുന്നതാണ്.

സ്ഥാപനങ്ങളില്‍ എ. സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല

സ്ഥാപനങ്ങള്‍ രണ്ട് ലെയറുകള്‍ ഉള്ള തുണി മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങളില്‍ എ. സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അല്ലാത്ത ഇടങ്ങളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവസവും അണുവിമുക്തമാക്കണം

മാര്‍ക്കറ്റുകളില്‍ കയറ്റിറക്ക് ജോലികള്‍ നിശ്ചിത സ്ഥലത്തായി പരിമിതപ്പെടുത്തും. കടകളുടെ നമ്പര്‍ അടിസ്ഥാനത്തില്‍ ഒറ്റ ഇരട്ട നമ്പര്‍ ക്രമത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് കയറ്റിറക്ക് ജോലികള്‍ നടക്കുക. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും പോലീസും ഇക്കാര്യം നടപ്പില്‍ വരുത്തും. എല്ലാ മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും മറ്റ് പൊതു സ്ഥലങ്ങളും ദിവസത്തില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുന്നുണ്ടെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഉറപ്പാക്കണമെന്നും നിരോധന ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close