കര്‍വാര്‍: അറബിക്കടലില്‍ പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ നാവികസേനാ ക്യാപ്റ്റന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55)യാണ് മരിച്ചത്.
പാരഗ്ലൈഡറിന്റെ എഞ്ചിന്‍ തകരാറാണ് അപകടകാരണം. നൂറടി ഉയരത്തില്‍ പറക്കുമ്പോഴാണ് സാങ്കേതിക തകരാര്‍ മൂലം എഞ്ചിന്‍ നിലച്ച് പാരാഗ്ലൈഡര്‍ കടലില്‍ വീഴുന്നത്. ഗ്ലൈഡറിന്റെ ഉടമ കൂടിയായ സഹപൈലറ്റ് വിദ്യാധര്‍ വൈദ്യ അപകട നിമിഷത്തില്‍ വെള്ളത്തിലേക്ക് എടുത്ത് ചാടിയത് അദ്ദേഹത്തിന് തുണയായി.
മത്സ്യത്തൊഴിലാളികള്‍ ഉടനെ അദ്ദേഹത്തിന്റെ രക്ഷക്കെത്തി. നന്നായി നീന്തല്‍ വശമുള്ള ക്യാപ്റ്റന്‍ റെഡ്ഡിക്ക് സീറ്റ് ബെല്‍റ്റ് വേര്‍പെടുത്താന്‍ സാധിച്ചില്ല. ഗ്ലൈഡറിനൊപ്പം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊര്‍ന്നിറങ്ങി.
രക്ഷക്കെത്തിയവര്‍ക്ക് റെഡ്ഡി താഴ്ന്ന് പോയ ഭാഗം തിരിച്ചറിയാന്‍ സാധിച്ചതുമില്ല. എന്നാല്‍, വൈകിയ വേളയില്‍ അദ്ദേഹത്തെ രക്ഷിച്ച് കരക്കെത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നു. ആംബുലന്‍സ് എത്താന്‍ വൈകിയതോടെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണം സംഭവിച്ചു.