മുക്കം: കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന
ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ പ്രൊജക്റ്റ് ലോഞ്ചിംഗ് ഒക്ടോബർ അഞ്ചിന് നടക്കാനിരിക്കെ തിരുവമ്പാടിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി.
അഞ്ചാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് തുരങ്ക പാതയുടെ ലോഞ്ചിംഗ് നിർവഹിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് മന്ത്രിയടക്കം മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. തിരുവമ്പാടിയിൽ എം എൽ എ അടക്കം പങ്കെടുക്കുന്ന പൊതുപരിപാടിയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി
തിരുവമ്പാടിയിൽ പന്തലും , മറ്റും നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. തിരുവമ്പാടി ബസ് സ്റ്റാൻ്റിന് സമീപം പന്തല് കെട്ടി ഒരുക്കങ്ങൾ തകൃതിയായ് നടക്കുമ്പോൾ ഫ്ലക്സ് ബോർഡുകളാലും മറ്റും വഴി നീളെ അലങ്കരിച്ച് ഒരുക്കിയിരിക്കുകയാണ് നാടിനെ . മലയോര മേഖലയെ വൻ വികസനത്തിലേക്ക് നയിക്കുന്ന തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നാടിൻ്റെ ഉത്സവമായ് കൊണ്ടാടാനാണ് ജനങ്ങളുടെ തീരുമാനം.
തുരങ്കപാതയുടെ സർവേ പ്രവർത്തനങ്ങൾക്കും കഴിഞ്ഞ ദിവസം ത തുടക്കം കുറിച്ചിരുന്നു. പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷന്റെ 16 അംഗ സംഘമാണ് സർവേ ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, ട്രാഫിക് സ്റ്റഡി എന്നിവ നടത്തുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിന് അടുത്തുള്ള സ്വർഗംകുന്നിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ അവസാനിക്കുന്ന പാത
സംസ്ഥാനത്തിന് പൊതുവേയും മലബാർ മേഖലയുടെ പ്രത്യേകിച്ചും സമഗ്ര വികസനത്തിന് ഗതിവേഗം കൂട്ടുമെന്നാന്ന് പ്രതീക്ഷിക്കപ്പെടുന്നത്. വനഭൂമി നഷ്ടപ്പെടുത്താതെ ആറര കിലോമീറ്റർ മല തുരന്ന് രണ്ടു വരിയായി തുരങ്കവും തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ട് വരി സമീപന റോഡും കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും നിർമിക്കുന്നതാണ് പദ്ധതി. കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ നാല് അലൈൻമെൻ്റുകളിൽ ആനക്കാംപൊയിൽ നിന്നും തുടങ്ങി മേപ്പാടി- കൽപ്പറ്റ- ബത്തേരി
മലയോര ഹൈവേയിലേക്ക് എത്തുന്ന പാതയാണ് ഏറ്റവും അനുയോജ്യമായതെന്ന് കണ്ടെത്തിയിരുന്നു. 658 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ അനുമതി നൽകിയത്. പാതക്ക് ഒരു കിലോമീറ്ററിന് 150 കോടി രൂപയാണ് ചെലവ് വരിക. മൂന്ന് വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ റോഡെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ ജനങ്ങൾക്ക് വയനാട് ജില്ലയുമായി ബന്ധപ്പെടുന്നതിനും ബദൽ റോഡ് വളരെ പ്രാധാന്യം നിറഞ്ഞതാണ്. തിരുവമ്പാടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിനും ടൂറിസം മേഖലയുടെ വികസനത്തിനും തുരങ്ക പാത വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.