localtop news

നഗരസഭാ കൗൺസിലർക്ക് കോവിഡ്; മുക്കം നഗരസഭാ കാര്യാലയം അടച്ചു

മുക്കം: കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുക്കം നഗരസഭാ കാര്യാലയം തിങ്കളാഴ്ച വരെ അടച്ചു. അണു നശീകരണവും അനുബന്ധ പ്രവൃത്തികൾക്കും ശേഷമേ ഓഫീസ് പ്രവർത്തിക്കൂവെന്ന് നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് അറിയിച്ചു. ബുധനാഴ്ച നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കോവിഡ് സ്ഥിരീകരിച്ച കൗൺസിലർ പങ്കെടുത്തിരുന്നു.കൗൺസിൽ യോഗത്തിന് ശേഷമാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഫലം വന്നത്.
യോഗത്തിൽ പങ്കെടുത്തവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. 20 പേരാണ് ബുധനാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇ.എം.എസ് സ്മാരക ഹാളിൽ വെച്ചായിരുന്നു കൗൺസിൽ യോഗം.

അതേ സമയം മുക്കത്ത് കൗൺസിലർ ഉൾപ്പെടെ 15 പേർക്കും കാരശ്ശേരിയിൽ 13 പേർക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മുക്കം നഗരസഭയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 149 ആയി. രണ്ട് പേർ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരികരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും പൊതുജനങ്ങളും ഉൾപ്പെട്ടവരുമായ 50 പേരിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കാരശ്ശേരിയിൽ
13 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close