KERALAtop news

തപസ്യയുടെ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം പ്രൊഫ. സി.ജി. രാജഗോപാലിന്

കോഴിക്കോട്: ഗ്രന്ഥകാരനും ദാര്‍ശനികനും വാഗ്മിയുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്ക്കായി തപസ്യ ഏര്‍പ്പെടുത്തിയ പുരസ്‌കാരം സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനും വിവര്‍ത്തകനുമായ പ്രൊഫ. സി.ജി. രാജഗോപാലിന് സമ്മാനിക്കും. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പി. നാരായണകുറുപ്പ്, മാടമ്പ് കുഞ്ഞുകുട്ടന്‍, ആര്‍. സഞ്ജയന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന പുരസ്‌കാരനിര്‍ണയ സമിതിയാണ് പ്രൊഫ. രാജഗോപാലിനെ പുരസ്‌കാരത്തിനായിതെരഞ്ഞെടുത്തത്. ആദ്യ പുരസ്‌കാരം പ്രമുഖ സാഹിത്യവിമര്‍ശക ഡോ. എം. ലീലാവതിക്കും രണ്ടാമത് പുരസ്‌കാരം പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുമായിരുന്നു നല്‍കിയത്.
തുളസീദാസിന്റെ ശ്രീരാമചരിതമാനസം, ഭാരതബൃഹച്ചരിത്രം തുടങ്ങിയ നിരവധി കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും കവിതാസമാഹാരങ്ങളും ത്രിഭാഷാ നിഘണ്ടുവും രചിക്കുകയും ചെയ്ത പ്രൊഫ. സി.ജി. രാജഗോപാല്‍ വിവര്‍ത്തനസാഹിത്യത്തിനും സര്‍ഗാത്മക സാഹിത്യത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് പുരസ്‌കാരസമിതി അറിയിച്ചു. ദീര്‍ഘകാലം വിവിധ കലാലയങ്ങളില്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാലയില്‍ സംസ്‌കൃതേതര വിഭാഗം ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 20ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രൊഫ. രാജഗോപാലിന് അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ അറിയിച്ചു.
ഗൂഗിള്‍ മീറ്റ് വഴി നടന്ന വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന രക്ഷാധികാരിയും പുരസ്‌കാരനിര്‍ണയ സമിതി അംഗവുമായ പി. ബാലകൃഷ്ണന്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close