കോഴിക്കോട്: പുതിയ കാർഷിക ബില്ല് സുഗന്ധവിളഉല്പാദനത്തിനും വിപണനത്തിനും മുതൽക്കൂട്ടാവുമെന്നു കേന്ദ്രസർക്കാരിന്റെ കാര്‍ഷിക ബില്ലിനെ കുറിച്ച് സംസാരിക്കവെ കേരളകാർഷിക വകുപ്പിന്റെ ഡബ്ള്യൂ ടി ഒ സെൽ സ്പെഷ്യൽ ഓഫീസർ ആയ എൽ ആർ ആരതി വിലയിരുത്തി. കർഷകർ സുഗന്ധവിളകളുടെ ഗുണനിലവാരത്തെപറ്റി കൂടുതൽ അവബോധമുള്ളവരാകാൻ നിയമം ഉപകരിക്കുമെന്നും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വെള്ളിയാഴ്ച നടത്തിയ വെബിനാറിൽ സംസാരിക്കവെ എൽ ആർ ആരതി പറഞ്ഞു.
കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനും നിയമം പ്രേരകമാകുമെന്നും അവർ പറഞ്ഞു. ഗുണമേന്മ കൂടിയ ഉത്പന്നങ്ങളുടെ ഉത്പാദനം കയറ്റുമതി സാധ്യത വർദ്ധിപ്പിക്കുമെന്നും അതുവഴി കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്താനാവുമെന്നും വെബിനാർ അഭിപ്രായപ്പെട്ടു.
സുഗന്ധവിളകളെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടങ്ങൾ കൊണ്ടുവരാൻ പുതിയ കാർഷികനിയമത്തിനു സാധിക്കുമെന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വെബ്ബിനാർ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സയന്റിസ്റ് ആയ ഡോ. പി രാജീവ്, സീനിയർ സയന്റിസ്റ് ആയ ഡോ. ലിജോ തോമസ് , ചീഫ് ലൈബ്രേറിയൻ രമേശ് കുമാർ എന്നിവരും സംസാരിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും മറ്റു ജീവനക്കാരും പങ്കെടുത്തു.