ഫസൽ ബാബു പന്നിക്കോട്
മുക്കം : ദുബായിൽ ഫുൾ അയൺമാൻ കോന ക്ലാസിക് വേൾഡ് ചാംപ്യൻഷിപ്പ് വെർച്വൽ റേസ് പൂർത്തീകരിച്ച് ചെറുവാടി സ്വദേശിയായ ആനിസ് ആസാദ്. കഴിഞ്ഞവർഷം അയൺമാൻ 70.3 പദവി കരസ്ഥമാക്കി അഭിമാന നേട്ടം കൈവരിച്ച ആനിസ് ഇത്തവണ അതിന്റെ ഇരട്ടി ദൂരം താണ്ടിയാണ് ഫുൾ അയേൺമാൻ ആയി മാറിയത്. അന്ന് എട്ടര മണിക്കൂറിനകം പൂർത്തിയാക്കേണ്ട മൂന്ന് സാഹസിക മത്സരങ്ങൾ ആറു മണിക്കൂർ 28 മിനിറ്റിൽ പൂർത്തിയാക്കിയാണ് അയേൺമാൻ പട്ടം ചൂടിയിരുന്നത്. തിരമാലകൾക്ക് കുറുകെ കടലിലെ നീന്തൽ, ഓട്ടം, സൈക്ലിങ് എന്നിവയായിരുന്നു മത്സരയിനങ്ങൾ. ആദ്യതവണ കടലിൽ രണ്ട് കിലോമീറ്റർ ദൂരം 70 മിനിറ്റിനകം നീന്തി തിരിച്ചെത്തണം. ശേഷം മൂന്നര മണിക്കൂറിനുള്ളിൽ 90 കിലോമീറ്റർ സൈക്ലിങും വിശ്രമമില്ലാതെ 21.1 കിലോമീറ്റർ ഓട്ടവും പൂർത്തിയാക്കണം. ഇതിനെക്കാളും കഠിനമായിരുന്നു ഇപ്രാവശ്യത്തെ ഫുൾ അയൺമാൻ ചലഞ്ച്. 3.9 കി.മീ കടലിലൂടെയുള്ള നീന്തൽ, 180.25 കി.മീ സൈക്ലിങ്, 42.2 കി.മീ ഓട്ടം എന്നിവ 48 മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ചാണ് രാജ്യാന്തര നേട്ടം നേടി ആനിസ് ആസാദ് നാടിനഭിമാനമായത്. ലോകത്തെ ഏറ്റവും കഠിനമായ ഫിറ്റ്നസ് ചലഞ്ചാണ് അയേൺമാൻ ചാലഞ്ച്. ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപ്പകാലം മുതൽ നീന്തിക്കളിച്ചതും വൈകുന്നേരങ്ങളിൽ വയലിലും മറ്റുമുള്ള കാൽപ്പന്തുകളിയിലും സ്കൂൾ ഒഴിവ് സമയങ്ങളിലെ സൈക്കിൾ റൈഡിങുക്കെയാണ് ആനിസ് ആസാദിന് നേട്ടത്തിന് തുണയായത്. അമേരിക്കയിലെ ഹവായിലെ കോനയിൽ നടക്കാറുള്ള ഫുൾ അയേൺമാൻ വേൾഡ് ചാംപ്യൻഷിപ്പ് കൊവിഡ് മൂലം ലോകത്ത് എവിടെ നിന്നും ചെയ്യാം എന്നാക്കിയിരുന്നു. റിട്ട. എംപ്ലോയ്മെൻ്റ് ഓഫിസറും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെംബറുമായ ചേറ്റൂർ മുഹമ്മദിൻ്റെയും റിട്ട. അധ്യാപിക ജമീലയുടേയും മകനാണ്. ദുബായ് തുംബെ ഫാർമസിയുടെ ക്ലസ്റ്റർ മാനേജറായി ജോലി ചെയ്യുന്നു. ഭാര്യ: മുഫീദ. മൂന്നു മക്കൾ.