local

3 പ്രവൃത്തികള്‍ക്കായി കൊയിലാണ്ടിയിലേക്ക് കിഫ്ബിയില്‍ നിന്നും 86 കോടി അനുവദിച്ചു.

കൊയിലാണ്ടി :കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 3 പദ്ധതികള്‍ക്ക് കിഫ്ബിയിൽ നിന്നും 86 കോടി രൂപയുടെ അന്തിമ ധനകാര്യനുമതി ലഭിച്ചതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 24 കോടി, കൊല്ലം –നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് നിര്‍മ്മാണത്തിന് 39 കോടി, നടേരിക്കടവ് പാലം നിര്‍മ്മാണത്തിന് 23 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക. നേരെത്തെ ലഭിച്ച പ്രാഥമിക ഭരണാനുമതികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കിയ വിശദമായ പദ്ധതി രേഖകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന കിഫ്ബി ബോർഡ് അംഗീകാരം നൽകിയത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സംബന്ധിച്ചിടത്തോളം മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സമഗ്ര വികസന പദ്ധതിയായ പുതിയ ബ്ലോക്ക് ആശുപത്രി വികസന രംഗത്തെ നാഴികകല്ലാണെന്ന് എം.എൽ.എ പറഞ്ഞു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നേരെത്തെ 2 സർക്കാർ അനുമതി ഉത്തരവുകളാണ് ലഭിച്ചിരുന്നത്. ആദ്യത്തേത് പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പിൽ നിന്നും 30 കോടിയുടെ പ്രാഥമിക ഭരണാനുമതിയും ലഭിച്ചു. ഈ ഭരണാനുമതിയെ മുന്‍ നിര്‍ത്തി വാപ്കോസ് തയ്യാറാക്കിയ ആദ്യ ഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖയിലാണ് ചില തിരുത്തലുകള്‍ വരുത്തി 24 കോടിയുടെ അന്തിമ ധനകാര്യ അനുമതി നൽകിയിരിക്കുന്നത്. ആശുപത്രിക്കായി തയ്യാറാക്കിയ അംഗീകരിച്ച പ്ലാനില്‍ താഴത്തെ നില കൂടാതെ ഒന്നും രണ്ടും നിലകൾ കൂടി ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ആകെ 5685 സ്ക്വയർ മീറ്റർ വിസ്തൃതിയാണ് കെട്ടിടത്തിനുണ്ടാവുക. ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, ഓഫീസ്, ഫാർമസി, സ്പെഷ്യാലിറ്റി ഒ.പി.കൾ, എക്സറേ ,പോലീസ് ഇൻക്വസ്റ്റ് മുറി, മോർച്ചറി, ഇലക്ട്രിക്കൽ റൂം , സെക്യൂരിറ്റി റൂം, ഫയർ കൺട്രോൾ റൂം എന്നിവ സജ്ജീകരിക്കും. ഒന്നാമത്തെ നിലയിൽ ഗൈനക്കോളജി വിഭാഗം, ദന്തൽ വിഭാഗം, ഡോക്ടേഴ്സ് റൂം, കൗൺസിലിംഗ് റൂം, മെഡിക്കൽ റിക്കോർഡ് റൂം എന്നിവയുണ്ടാവും , രണ്ടാമത്തെ നിലയിൽ കഫ്റ്റീരിയ, ബ്ലഡ് സ്റ്റോറേജ് റൂം, വിവിധ ലാബുകൾ, വിവിധ ഐ.സി.യുകൾ എന്നിവയും ഉണ്ടാവും

ഇത് കൂടാതെ ബയോഗ്യാസ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2018 ൽ ഉദ്ഘാടനം ചെയ്ത പുതിയ 6 നില കെട്ടിടത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. പൊളിച്ചുമാറ്റുന്നതിനായി നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ്, പ്ലാൻ, സർവ്വെ റിപ്പോർട്ട് തുടങ്ങി എല്ലാ അനുബന്ധ രേഖകളും അനുമതിക്കായി സർക്കാരിലേക്ക് നൽകി കഴിഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭ്യമാകുന്നതോടെ കെട്ടിടം പൊളിക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.

മറ്റൊന്ന് കൊല്ലം-നെല്ല്യാടി- മേപ്പയ്യൂര്‍ റോഡാണ്. 39 കോടി രൂപയാണ് നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കലിന് ഉള്‍പ്പെടെ ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കൊല്ലം മുതല്‍ മേപ്പയ്യൂര്‍ വരെയുള്ള 9.6 കിലോമീറ്റര്‍ ദൂരമാണ് 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നത്. 7 മീറ്റർ വീതിയിലാണ് ടാര്‍ ചെയ്യുന്നത്. വീതി വര്‍ദ്ധിപ്പിക്കുന്നതിനായി ഇരുഭാഗത്തും സ്ഥലം ഏറ്റെടുക്കുന്നതിന് 5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനം ഉണ്ടാവും, 20 കള്‍വെര്‍ട്ടുകള്‍ പുതുതായി പണിയുകയും 19 എണ്ണത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും, 22 ബസ് ഷെല്‍ട്ടറുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊയിലാണ്ടി നടേരിക്കടവ് പാലം നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കലിനുമായി 23 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊയിലാണ്ടി നഗരസഭയെ കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടുത്തുന്നതാണ് ഈ പാലം. എട്ട് സ്പാനുകളിലായി 212.05 മീറ്റര്‍ നീളമാണ് ഈ പാലത്തിനുണ്ടാവുക. ആകെ 480 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കും. ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാനുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് എം.എല്‍.എ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close