മുക്കം: രണ്ടുവർഷം മുമ്പ് തറക്കല്ലിട്ട തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോയുടെ കെട്ടിട നിർമാണത്തിനുള്ള തടസ്സം നീങ്ങുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി വൈകാതെ നിർമാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കറ്റിയാട്ടെ 1.75 ഏക്കർ സ്ഥലത്താണ് സബ്ഡിപ്പോയും ബസ് സ്റ്റേഷനും നിർമിക്കുന്നത്. ജോർജ് എം. തോമസ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഡിപ്പോയ്ക്ക് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. തണ്ണീർത്തട ഡേറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലം ഡിപ്പോയ്ക്കായി ഏറ്റെടുത്തതാണ് നിർമാണം അനന്തമായി നീളാൻ കാരണമായത്. കഴിഞ്ഞവർഷം ഡിസംബറിലാണ് ഭൂമിയുടെ തരംമാറ്റം അംഗീകരിച്ച് കൃഷിവകുപ്പ് ഉത്തരവിറക്കിയത്. ഭൂമിയുടെ പത്ത് ശതമാനം ജലസംരക്ഷണത്തിന് മാറ്റിവെക്കണമെന്ന വ്യവസ്ഥയോടെയാണിത്. ആദ്യം തരം മാറ്റാനുള്ള അപേക്ഷ ഭൂമിയുടെ പരിവർത്തനത്തിലുള്ള സംസ്ഥാനതല സമിതി തള്ളിയിരുന്നു. നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും സമിതി ശുപാർശ ചെയ്തു. പിന്നീട് സർക്കാരിന്റെ നിർദേശപ്രകാരം വീണ്ടും പരിശോധന നടത്തുകയും പത്തുശതമാനം ഭൂമി ജലസംരക്ഷണത്തിന് നീക്കിവെക്കണമെന്ന വ്യവസ്ഥയോടെ അനുമതി നൽകുകയുമായിരുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിപ്പോയ്ക്ക് സ്ഥലം വാങ്ങിയത്. എന്നാൽ, ഇത് കെ.എസ്.ആർ.ടി.സി.യുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. ഈ പ്രശ്നമുന്നയിച്ച് മുൻ എം.ഡി. ടോമിൻ തച്ചങ്കരി കെട്ടിട നിർമാണത്തിന് അനുമതി നൽകിയിരുന്നില്ല . കെട്ടിടം രൂപകല്പന ചെയ്തത് കെ.എസ്.ആർ.ടി.സി. എൻജിനിയറിങ് വിഭാഗമായിരുന്നില്ല. ഇതും സാങ്കേതിക തടസ്സമായി ഉന്നയിക്കപ്പെട്ടു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനുപിന്നാലെ കരാറിനെച്ചൊല്ലി മറ്റൊരു തർക്കം വീണ്ടും ഉടലെടുത്തു. സബ്ഡിപ്പോ കെട്ടിടം രൂപകല്പന ചെയ്ത ഊരാളുങ്കൽ ലേബർ കോൺടാക്ടേഴ്സ് സൊസൈറ്റിക്കുതന്നെ നിർമാണച്ചുമതല നൽകിയിരുന്നു. എന്നാൽ, ടെൻഡറില്ലാതെ കരാർ നൽകിയതിനെതിരേ കരാറുകാരുടെ സംഘടന കോടതിയെ സമീപിക്കുകയായിരുന്നു . ഇത് നിർമാണം പിന്നെയും വൈകാനിടയാക്കി. ടെൻഡർ വിളിച്ച് നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് നിർമാണം തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.2010 ഫെബ്രുവരിയിലാണ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ പ്രവർത്തനം തുടങ്ങുന്നത്. ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഓപ്പറേറ്റിങ് സെന്ററും താഴെയുള്ള മറ്റൊരു മുറിയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും തുറന്നു. ഗാരേജ് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തുടങ്ങിയത്. 2013-ൽ തിരുവമ്പാടി പഞ്ചായത്ത് 1.75 ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകി. പിന്നീട് സി. മോയിൻകുട്ടി എം.എൽ.എ. അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് സ്ഥലത്തിന് സംരക്ഷണഭിത്തി കെട്ടുകയും മണ്ണിട്ട് നികത്തുകയും ചെയ്തു. 2018 സെപറ്റംബർ 21-ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ആണ് സബ് ഡിപ്പോയുടെ ശിലാസ്ഥാപനം നടത്തിയത് .