- മുക്കം: കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞ വയോധികൻ്റെ ആർ.ടി.പി.സി.ആർ ഫലം ഏഴ് ദിവസം കഴിഞ്ഞ് ബന്ധുക്കൾക്ക് കിട്ടിയപ്പോൾ നെഗറ്റീവ്. രോഗി കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് പറഞ്ഞ് രോഗിയുടെ ബന്ധുക്കളിൽ നിന്നും പണം തട്ടിയതായും മാനസികമായി പീഡിപ്പിച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി സ്വദേശി വെങ്ങളത്ത് മുഹമ്മദിൻ്റെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈമാസം അഞ്ചിന് രാത്രിയാണ് മുഹമ്മദ് മരിച്ചത്. ഇദ്ദേഹം മരിക്കുന്ന ദിവസം രാവിലെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ശ്വാസസംബന്ധമായ രോഗം മൂർച്ഛിച്ചതോടെ വെൻ്റിലേറ്റർ സൗകര്യത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. ആശുപത്രിയിൽ രോഗിയെ എത്തിച്ചശേഷം ആൻ്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തുകയും ചെയ്തു. എന്നാൽ രാത്രിയോടെ രോഗി മരണപ്പെട്ടു. മരണത്തിന് ശേഷം സ്വകാര്യ ആശുപത്രി അധികൃതർ മുഹമ്മദിൻ്റെ കൊവിഡ് ഫലം പോസിറ്റീവാണെന്ന്
ബന്ധുക്കളെ അറിയിക്കുകയും മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മുക്കം തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തു. എന്നാൽ മരിച്ചതിന് പിറ്റേദിവസം തന്നെ ബന്ധുക്കൾ കൊവിഡ് പരിശോധനയുടെ ഫലം ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ ഒരാഴ്ചക്ക് ശേഷമാണ് ബന്ധുക്കൾക്ക് പരിശോധനാഫലം നൽകിയത്. എന്നാൽ പരിശോധനാ ഫലത്തിൽ കൊവിഡ് നെഗറ്റീവ് ആയിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്കിടയിൽ ആശങ്ക ഉടലെടുത്തത്. മുഹമ്മദിന് കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞതിനാൽ തങ്ങൾക്ക് മതപരമായ നടത്തേണ്ട കർമങ്ങൾ ചെയ്യാനോ അടുത്ത ബന്ധുക്കൾക്ക് മൃതദേഹം ഒരു നോക്ക് കാണാനോ കഴിഞ്ഞില്ലെന്നും ബന്ധുക്കൾ പറഞ്ഞു. കുടുംബത്തെ അനാവശ്യമായി ഒരാഴ്ചയോളം വീട്ടുതടങ്കലിൽ നിരീക്ഷണത്തിൽ ഇട്ടെന്നും ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ബന്ധുക്കൾ അറിയിച്ചു. പള്ളിയിൽ കൊവിഡ് പ്രോട്ടോകോളിൻ്റെ ഭാഗമായി അര കിലോമീറ്റർ ദൂരം പുതിയ റോഡ് വെട്ടിയാണ് മൃതദേഹം സംസ്കരിച്ചത്. ഇതെല്ലാം കുടുംബത്തിന് മാനസികമായും സാമ്പത്തികമായും വൻ നഷ്ടമുണ്ടാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. ഇനിയെങ്കിലും സർക്കാറും ആരോഗ്യ വിദഗ്ധരും കൂടിയാലോചിച്ച് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് മുഹമ്മദിൻ്റെ കുടുംബം ആവശ്യപ്പെടുന്നു.