കോഴിക്കോട്: ലോക ട്രോമ ദിനത്തില്‍, 2020 ല്‍ രാജ്യത്തെ ഏറ്റവും വലിയ ട്രോമയായ കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാദൗത്യം നടത്തിയവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ച കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ മുതലായവരെയാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആദരപത്രം നല്കി ആദരിച്ചത്.
മലബാറിന്റെ നന്മയും സഹായ മനസ്ഥിതിയുമാണ് ഈ വലിയ അപകടത്തെ കൂടുതല്‍ വലിയ ദുരന്തമായി മാറാതെ കാത്തതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു. ഔചിത്യബോധത്തോട് കൂടിയുള്ള ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും ഇടപെടലുകള്‍ എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ടാക്സി ഡ്രൈവര്‍മാര്‍ക്കുവേണ്ടിയുള്ള സ്നേഹോപഹാരം സിദ്ദിഖ്, നാട്ടുകാരായ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സ്നേഹോപഹാരം സുരേഷ് ഇ.പി എന്നിവര്‍ ഏറ്റുവാങ്ങി. കോഴിക്കോട് ആസ്റ്റര്‍ മിംസിന് വേണ്ടി ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. പ്രദീപ് കുമാര്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി.പി എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.