കോഴിക്കോട്: സംസ്ഥാന ഗതാഗത വകുപ്പ് ഇനി മുതൽ വാങ്ങിക്കുന്ന എല്ലാ വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയായിരിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി ഏ.കെ ശശീന്ദ്രൻ പറഞ്ഞു.
കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാനാ ഡയറക്ടറേറ്റ് സംസ്ഥാനത്ത് വിവിധ സാമൂഹ്യ സംഘടനകളിലൂടെ നടപ്പിലാക്കുന്ന ‘വായു മലിനീകരണം തടയാൻ നമുക്ക് ഒരുമിക്കാം’ ക്യാംപയിൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത് ദർശനം സാംസ്കാരികവേദിയാണ്.
ഇതിന്റെ തുടക്കമായി ഗതാഗത വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി 86 വാഹനങ്ങൾ അടുത്ത മാസം ആദ്യം പുറത്തിറങ്ങും.അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെയുള്ളവയാണത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അടുത്ത മാസം ആദ്യം നിർവഹിക്കും.
സംസ്ഥാനത്തെ വായു മലിനീകരണതോത് കുറയ്ക്കുന്നതിന്റെ ഭാഗമായി കിഫ് ബി പദ്ധതിയിലൂടെ സർക്കാർ ഇനി മുതൽ വാങ്ങുന്ന എല്ലാ വാഹനങ്ങളും വൈദ്യുതി, സി എൻ ജി,എൽ എൻ ജി എന്നിവ ഉപയോഗിച്ച് ഓടുന്നവയായിരിക്കുമെന്ന് തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു.
കെ എസ് ആർ ടി സിയും വരുംകാലത്ത് വായു മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുതി, സി എൻ ജി, എൽ എൻ ജി ഇന്ധനങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ക്യാംപയിനിന്റെ ഭാഗമായി നഗരങ്ങളിൽ സ്ഥാപിക്കുന്ന മിയാ വാക്കി ചെറു വനത്തിന്റെ ഉദ്ഘാടനവും പുരുഷൻ കടലുണ്ടി എം.എൽ എക്ക് അശോകമരം നല്കിക്കൊണ്ട് മന്ത്രി നിർവഹിച്ചു.
ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ എ അധ്യക്ഷത വഹിച്ചു.
ടി.കെ സുനിൽകുമാർ, സി.പി. അബ്ദുറഹിമാൻ, സി.എച്ച് സജികുമാർ, പി. ദീപേഷ് കുമാർ, കെ കെ സുകുമാരൻ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി നഗരത്തിൽ മിയാവാക്കി മാതൃകയിലുള്ള രണ്ട് ചെറുവനങ്ങൾ ഉണ്ടാക്കും. ഇതിന്റെ പരിചരണം ആദ്യത്തെ മൂന്ന് വർഷം ദർശനം സാംസ്കാരികവേദി നിർവഹിക്കും. നഗരത്തിൽ വായു മലിനീകരണ തോത് കണ്ടെത്താനുള്ള രണ്ട് സെൻസറുകൾ സ്ഥാപിക്കും. വിദ്യാർഥികൾക്ക് ഓൺ .ലൈൻ ക്ലാസ്സ്, ക്വിസ് മത്സരങ്ങളും
സംഘടിപ്പിക്കും.
കോഴിക്കോട് സി ഡബ്യൂ ആർ ഡി എം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരളാ സ്‌റ്റേറ്റ് പൊലൂഷ്യൻ കൺടോൾ ബോർഡ് എന്നിവരാണ് വേണ്ട സാങ്കേതിക സഹകരണം നല്കുന്നത്.