പടിഞ്ഞാറത്തറ : വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് വേട്ട. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ വാളാരംകുന്നിൽ ഇന്നു രാവിലെ തണ്ടർ ബോൾട്ട് സേനാംഗങ്ങളുടെ വെടിയേറ്റാണ് തമിഴ്നാട് തേനി സ്വദേശി വേൽമുരുകൻ (38) കൊല്ലപ്പെട്ടത്.വയനാട്ടിൽ സജീവമായ മാവോയിസ്റ്റ് ഗ്രൂപ്പായ കബനീ ദളത്തിലെ അംഗമാണ് വേൽമുരുകനെന്ന് പോലീസ് പറയുന്നു. ഒരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.’മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം ഭാസ്ക്കരൻ പാറയിലാണ് സംഭവം. വെടിവയ്പ്പ് നടന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകരടക്കം ആരേയും കടത്തിവിടുന്നില്ല. ഉത്തരമേഖല എഡിജിപി അടക്കം ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി. വെടിവയ്പ് നടന്ന പ്രദേശം കനത്ത പോലീസ് വലയത്തിലാണ്. രാവിലെ പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട് സേനാoഗങ്ങളും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയതായാണ് പോലീസിൽനിന്ന് ലഭ്യമായ വിവരം. കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിടുന്നില്ല. കാപ്പിക്കളം, വാളാരംകുന്ന് പ്രദേശങ്ങൾ മുമ്പും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളാണ്. ഒരു വർഷം മുമ്പ് വയനാട്- കോഴിക്കോട് ജില്ലാ അതിർത്തിയായ ലക്കിടിയിലെ ഒരു റിസോർട്ടിൽ ഒരു മാവോയിസ്റ്റിനെ തണ്ടർബോൾട്ട് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.’ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പുറത്ത് പ്രചരിപ്പിച്ചത്. എന്നാൽ ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും പിന്നിൽ നിന്ന് വെടിയേറ്റാണ് മരണം സംഭവിച്ചതെന്നും അടുത്തിടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.