കോഴിക്കോട്: തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിനിൽക്കെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ബദൽ കണ്ടിജൻറ് തൊഴിലാളികളായി ജോലിയിൽ പ്രവേശിപ്പിച്ച 60 പേരെ സ്ഥിരപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ മാർച്ച് 23നാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ആകെയുള്ള 65 പേരിൽ തൊളിലാളികളുടെ കഴിവും ജോലിയോടുള്ള ആത്മാർഥതയും പരിശോധിച്ചാണ് 60 പേരെ സ്ഥിരപ്പെടുത്തിയത്. അവശേഷിച്ച അഞ്ചുപേരുടെ പ്രകടനം രണ്ടുമാസം നിരീക്ഷിച്ചശേഷം പിരിച്ചുവിടുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യും. അതേസമയം തീരുമാനത്തിനെതിരെ യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നു. ഇവരുടെ വിയോജനക്കുറിപ്പോടെയാണ് അജണ്ട യോഗം പാസാക്കിയത്. നിലവിൽ 161 കണ്ടിജൻറ് ജീവനക്കാരുടെ സ്ഥിരം ഒഴിവാണ് നഗരസഭയിലുള്ളത്.
രാജാജി റോഡിലെ എസ്കലേറ്റർ മേൽപാലത്തിന്റെ പരിപാലന കരാർ 11,13,000 രൂപയുടെ താൽപര്യപത്രം സമർപ്പിച്ച അമർ.ആർ.പിക്ക് നൽകി. ഞെളയൻ പറമ്പ് മാലിന്യ സംസ്ക്കരണ പ്ലാൻറിലെ കാലപ്പഴക്കം ചെന്ന യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കാനും കുടുംബശ്രീയുടെ രാജാജി റോഡിലെ ‘രുചിപ്പുര’ ജനകീയ ഹോട്ടൽ പദ്ധതിയിൽ ഉൾപ്പെടുത്താനും അരവിന്ദ് ഘോഷ് റോഡിലെ നഗരസഭയുടെ 4.6 സെൻറ് സ്ഥലം ശുചിമുറി, പൂന്തോട്ടം എന്നിവ നിർമിക്കുന്നക്കുന്നതിന് വ്യവസ്ഥകളോടെ മുഹമ്മദ് റഫി ഫൗണ്ടേഷന് കൈമാറുന്നതിനും യോഗം അനുമതി നൽകി.
വിവിധ വാർഡുകളിൽ 241.67 കിലോ മീറ്റർ നീളത്തിൽ ലൈൻ വലിച്ച് 7616 പോൾ സ്ഥാപിക്കാനുള്ള റിലയൻസിന്റെ അപേക്ഷ മാറ്റി വെച്ചു. ഈ ഭരണ സമിതിയുടെ അവസാനത്തെ കൗൺസിൽ യോഗം നവംമ്പർ പത്തിന് രാവിലെ 11 ന് ടാഗോർ ഹാളിൽ ചേരുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച മേയർ തോട്ടത്തിൽ രവവീന്ദ്രൻ അറിയിച്ചു. ഔദ്യോഗികമായ യാത്രയയപ്പും അന്ന് നടത്തും.