തമിഴ് സിനിമയിലെ സൂപ്പര്‍ താരം വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചുവെന്നത് അസത്യം. വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. തന്റെ അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി. തന്റെ പേരോ ഫോട്ടോയോ വിജയ് മക്കള്‍ ഇയക്കം എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സൂപ്പര്‍ താരം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ഒരു രാഷ്ട്രീയ സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ വിജയുടെ അച്ഛന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. എസ് എ ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറിയായും അമ്മ ശോഭ ട്രഷററായും അപേക്ഷയിലുണ്ട്. നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്.
തന്റെ സംഘടനയുമായി വിജയിന് ബന്ധമില്ലെന്ന് എസ് എ ചന്ദ്രശേഖറും അറിയിച്ചിട്ടുണ്ട്. വിജയും പിതാവും രണ്ട് വഴിയില്‍ സഞ്ചരിക്കുന്നതിന് എന്തിനാണെന്നറിയാതെ കുഴങ്ങുകയാണ് ആരാധകര്‍.
ഭാവിയില്‍ രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിടുന്നതാണ് വിജയ് സിനിമകളുടെ പ്രമേയം. 2017 ല്‍ പുറത്തിറങ്ങിയ മെര്‍സലും അതിന് മുമ്പിറങ്ങിയ സര്‍ക്കാറും രാഷ്ട്രീയം പറഞ്ഞത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മെര്‍സലില്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും ജി എസ് ടിയും ഡിജിറ്റല്‍ ഇന്ത്യയും കടന്നുവന്നപ്പോള്‍ ബി ജെ പിക്ക് പൊള്ളി. സര്‍ക്കാറില്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങളുണ്ടായിരുന്നു.