കോഴിക്കോട്: വിദ്യാഭ്യാസത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ശ്രമം അപകടകരമാണെന്ന് മൗലാന ആസാദ് ഫൗണ്ടേഷന് കോഴിക്കോട്ട് സംഘടിപ്പിച്ച പൊതുസംവാദം അഭിപ്രായപ്പെട്ടു. ദേശീയവിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്. വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണ്. ഭരണകൂടത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസത്തെ തരംതിരിക്കാന്‍ അനുവദിച്ചുകൂടാ. ഇത് ദൂരവ്യാപകമായ പ്രത്യാഖാതം സൃഷ്ടിക്കുമെന്ന് സംവാദം മുന്നറിയിപ്പ് നല്കി. രാജ്യത്ത് വളര്‍ന്നുവരുന്ന
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ മതേതര മനസ്സ് ഒന്നിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തിലെല്ലാം പൗരന്റെ ജാതിയും മതവും ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലനിക്കുന്നത്. ജനാധിപത്യവും മതേതരത്വവും തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയാന്‍ കഴിയണം. സംവാദം ചൂണ്ടിക്കാട്ടി.
1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് രാജ്യം ഉയര്‍ത്തിപിടിച്ച മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്നും, തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സംവാദം ആവശ്യപ്പെട്ടു.
മുന്നോക്ക സംവരണം നടപ്പിലാക്കുന്നത് പിന്നോക്ക – സംവരണ വിഭാഗത്തിന്റെ ആനുകൂല്യം നഷ്ടപെടാന്‍ ഇടവരരുത്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്കഅകറ്റാന് സര്‍ക്കാരിന് ബാധ്യതയുണ്ട്. സംവാദം ആവശ്യപ്പെട്ടു.
കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്മെന്റ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു.
ആസാദ് ഫൗണ്ടേഷന് പ്രസിഡന്റ് എം കെ ബീരാന് അദ്ധ്യക്ഷത വഹിച്ചു. എസ്. വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, കെ എ എം എ സംസ്ഥാന ട്രെഷറര്‍ പി പി ഫിറോസ് മാസ്റ്റര്‍, മൈനോറിറ്റി ഡിപ്പാര്‍ട്മെന്റ് ജില്ലാ വൈസ് ചെയര്മാന് കെ വി ആലികോയ, എം ഇ എസ് സെക്രട്ടറി സി ടി സക്കീര്‍ ഹുസൈന്, ഡോ സി എം അബൂബക്കര്‍, പി കെ ജരീര്‍ , സി അബ്ദുനാസര്‍ ഖാന്, പി പി ഉമര്‍ ഫാറൂഖ്, കെ സി അബ്ദുല്‍ റസാഖ്, എം എ റഹ്മാന്, കെ സി പുഷ്പകുമാര്‍, കെ കുഞ്ഞാലികുട്ടി പ്രസംഗിച്ചു.