localPoliticstop news

കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടി കേരളത്തിലും  പ്രകടമാകും: എം.ടി. രമേശ്

കോഴിക്കോട്: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും  കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടി കേരളത്തിലും പ്രകടമാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഏറ്റത്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു. രാഹുലിന്റെയും പ്രിയങ്കയുടെയും  നേതൃത്വം ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ബിജെപിക്കും എന്‍ഡിഎയ്ക്കുമുണ്ടായ വിജയം കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും സംസ്ഥാനത്ത് വന്‍മുന്നേറ്റത്തിന് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകളായി കോഴിക്കോട് കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ തോല്‍വി ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതു ഉറപ്പുവരുത്തലാണ് എന്‍ഡി എയുടെയും ബിജെപി യുടെയും ചുമതലയെന്നും എം.ടി. രമേശ്  പറഞ്ഞു. ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനോ യുഡിഎഫിനോ സാദ്ധ്യമല്ലെന്ന് ജനം വിലയിരുത്തിക്കഴിഞ്ഞു. ശക്തമായ പ്രതിപക്ഷം പോലുമാകാന്‍ യുഡിഎ ഫിനായിട്ടില്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന ശക്തി എന്‍ഡിഎ മുന്നണിയാണെന്ന് ജനം തിരിച്ചറിയുന്നത്.  ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവിധം പ്രതിസന്ധി നേരിടുകയാണ് സിപിഎമ്മും ഇടതുപക്ഷവും. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രവര്‍ത്തകര്‍ക്കാകുന്നില്ല. സ്വര്‍ണക്കടത്തും മയക്കുമരുന്നു ക്കടത്തുമെല്ലാം അണികളെ നിരാശയിലാക്കിയിരിക്കുകയാണ്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം നടത്തുന്ന മുന്നേറ്റങ്ങളും ജനങ്ങളില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ്. കോര്‍പറേഷനിലെ ഇടതുഭരണം അവസാനിപ്പിക്കാന്‍ എന്‍ഡിഎയ്ക്കാകു മെന്ന പ്രതീക്ഷ ജനങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ തോല്‍വി ഉറപ്പാക്കാനും കോര്‍പറേഷന്‍ ഭരണം പിടിക്കാനുമാണ് എന്‍ഡിഎയും ബിജെപിയും തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, കൗണ്‍സിലര്‍മാരും സ്ഥാനാര്‍ത്ഥികളുമായ ഇ. പ്രശാന്ത് കുമാര്‍, നവ്യ ഹരിദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി. രജിത്ത് കുമാര്‍, വി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close