അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ ഐ പി എല്‍ തിരക്കുകളും കഴിഞ്ഞു. കൃഷിയോടും ഫാമിംഗിനോടും ഏറെ താത്പര്യമുള്ള ധോണി കരിങ്കോഴി വളര്‍ത്തലിലേക്ക് തിരിയുകയാണ്. റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ കരിങ്കോഴി വളര്‍ത്തല്‍ ആരംഭിക്കാനാണ് ധോണിയുടെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി മധ്യപ്രദേശിലെ പ്രമുഖ കരിങ്കോഴി ഫാമില്‍ നിന്ന് രണ്ടായിരം കരിങ്കോഴി കുഞ്ഞുങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കടക്‌നാഥ് ചിക്കന്‍ എന്ന കരിങ്കോഴിയിനമുള്ളത്.
രണ്ടായിരം കുഞ്ഞുങ്ങളെ ഒറ്റയടിക്ക് ലഭിക്കില്ല. ആദ്യഘട്ടത്തില്‍ പതിനഞ്ച് കുഞ്ഞുങ്ങളെ നല്‍കും. കൊഴുപ്പില്ലാത്ത പോഷക സമ്പന്നമായ ഇറച്ചിയാണ് കടക്‌നാഥ് കരിങ്കോഴിയുടേത്.
ലോക്ക്ഡൗണ്‍ കാലത്ത് ധോണിയുടെ ഫാം വീഡിയോസ് പുറത്ത് വന്നിരുന്നു. ജൈവ കൃഷിയും മത്സ്യ കൃഷിയും പശു വളര്‍ത്തലും ധോണിയുടെ ഫാം ഹൗസില്‍ നടക്കുന്നുണ്ട്. ഇതിന്റെ കൂടെ ഇനി കരിങ്കോഴികളുമെത്തും.