മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കുളങ്ങരയിൽ ഒരാൾക്ക് വെട്ടേറ്റു.
കൊടിയത്തൂർ സ്വദേശി സിയാഉൽ ഹഖിനാണ് വെട്ടേറ്റത്.ഇന്നലെ പകൽ 9.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. കൂടത്തായി സ്വദേശി ശിഹാബുദ്ധീനാണ് പിടിയിലായത്.കൃത്യം നടത്തിയ ശേഷം സ്വന്തം കാറിൽ രക്ഷപ്പെടുന്നതിനിടെ പോലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് മുക്കം ഇൻസ്പെക്ടർ എൻ.നിസാമിൻ്റെ നിർദേശപ്രകാരം
എസ്.ഐ അസൈൻ, ഷഫീഖ് നീലിയാനിക്കൽ എന്നിവർ സംഭവസ്ഥലത്തേക്ക് പോവുന്നതിനിടെ
ഓടത്തെരുവിൽ വെച്ച് പോലീസ് വാഹനം കണ്ട് അമിത വേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് നോർത്ത് കാരശ്ശേരിയിൽ വെച്ച് പോലീസ് വാഹനം കുറുകെയിട്ടാണ് പിടികൂടിയത്. സിയാഉൾ ഹഖും പ്രതി ശിഹാബുദ്ധീനും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. കുളങ്ങരയിലെ ഒരു കെട്ടിടം വാടകക്കെടുത്ത് സിയാഉൾ ഹഖ് പുതിയ ബിസിനസ് ആരംഭിക്കാനിരിക്കെയായിരുന്നു. അതിനിടെയാണ് ഇന്നലെ രാവിലെ സ്വന്തം കാറിലെത്തിയ പ്രതി ആക്രമണം നടത്തിയത്. വെട്ടേറ്റ സിയാഉൾ ഹഖ് തൊട്ടടുത്ത റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാർ ഓടി കൂടുന്നത് കണ്ട പ്രതി ഉടൻ തന്നെ രക്ഷപ്പെടുകയും ഇതിനിടയിൽ പോലീസിൻ്റെ പിടിയിലാവുകയുമായിരുന്നു. സ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മുക്കം ഇൻസ്പെക്ടർ എൻ.നിസാം, എസ് ഐമാരായ വി.കെ.റസാഖ്, അസയിൻ, എ.എസ്.ഐ ഷാജു,ഷഫീഖ് നീലിയാനിക്കൽ, സ്വപ്ന എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഗുരുതരമായി പരിക്കേറ്റ സിയാഉൾ ഹഖിന ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.