കോഴിക്കോട്: .പട്ടർപാലം ഏലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകരും, പോപ്പുലർ ഫ്രണ്ട്സിറ്റി ഡിവിഷൺ പ്രസിഡണ്ടും ജില്ലാ കമ്മറ്റി അംഗവുമായ എലത്തൂർ വടക്കര കത്ത് ഹനീഫ (38), എസ്ഡിഡിടിയു ജില്ലാ നേതാവും ചെറൂട്ടി റോഡിലെ പോർട്ടറുമായ പുതിയങ്ങാടി ചാലിൽ മന്ദംകണ്ടിപറമ്പ് ഷബീർ അലി (37) എന്നിവരെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയുള്ള തെളിവെടുപ്പ് പൂർത്തിയാക്കി കോടതി മുമ്പാകെ ഹാജരാക്കി റിമാണ്ട് ചെയ്തു.
2019 ഒക്ടോബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം .കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മായനാട് അബ്ദുള്ള, പൂവാട്ട്പറമ്പ് അബ്ദുൾ അസീസ് എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും ആയുധങ്ങളും മറ്റും കണ്ടെടുക്കുകയും ചെയ്തിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തതിൽ മറ്റു ചില പോപ്പുലർ ഫ്രണ്ട് / എസ് ഡിപിഐ നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുള്ളതായി പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പുതിയങ്ങാടി കേന്ദ്രീകരിച്ചാണ് കേസിൻ്റെ ഗൂഢാലോചന നടന്നതെന്നും പോലീസിന് മനസ്സിലായിട്ടുണ്ട്.കേസിലെ നിർണ്ണായക തെളിവുകളായ വാഹനം, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ എലത്തുരിലെയും, പുതിയങ്ങാടിയിലെയും പ്രതികളുടെ വീടുകളിൽ നിന്നും മറ്റും കണ്ടെടുത്തു. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
2019 ജൂലൈ മാസത്തിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ്റെ പരിപാടിക്കിടെ ക്വാറി നടത്തിപ്പുകാരായ എസ്ഡിഡിപിഐ/പോപ്പുുലർഫ്രണ്ട് പ്രവർത്തരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പ്രവർത്തകർ അവിടേക്ക് എത്തണമെന്നും ഹനീഫ ജില്ലയിലെ തിരഞ്ഞെടുത്ത പ്രവർത്തകരെ അറിയിച്ചു.പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിട്ടെങ്കിലും പട്ടർ പാലം അങ്ങാടിയിൽ വെച്ച് പോപ്പുലർഫ്രണ്ട് നോർത്ത് ഏരിയാ പ്രസിഡണ്ടും, ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. അതിൻ്റെ പ്രതികാരമായിട്ടാണ് ഷാജിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.ഇവർ തന്നെയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ ജില്ലാ ഫിറ്റ്നസ് ട്രെയനർമാരും, കളരി അഭ്യാസികളുമായ അൻസാറിനെയും അബ്ദുള്ളയെയും കൃത്യം നടത്തുവാൻ ചുമതലപ്പെടുത്തിയത്.കൃത്യ സ്ഥലവും, സമയവും തിരഞ്ഞെടുക്കാൻ അവർ അൻസാറിനെ ചുമതലപ്പെടുത്തുകയുണ്ടായി എന്നാണ് കേസ്. മുഖ്യ പ്രതികളായ അബ്ദുള്ളയെയും അസീസിനെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിക്കാത്തതിനാൽ ഒളിവിൽ പോവുകയായിരുന്നു. കൃത്യം നടന്ന ദിവസം ഹനീഫയും മറ്റൊരു നേതാവും പട്ടർ പാലത്തെത്തി മുഖ്യ പ്രതികളുമായി കൂടിക്കാഴ്ച നടത്തി കൃത്യത്തിൻ്റെ ‘മേൽനോട്ടം’ ഭംഗിയായി നിർവ്വഹിച്ചു.കൃത്യം നടന്നയുടനെ പ്രതികൾ മെഡിക്കൽ കോളേജിലെത്തുകയും ഷബീറലി ഡിവിഷൻ സിക്രട്ടറിയെ ‘ദൗത്യം’ പൂർത്തിയാക്കിയ വിവരം അറിയിക്കകയും ചെയ്തു. അയാൾ നേരിട്ട് മെഡിക്കൽ കോളേജിൽ വയറുവേദന എന്ന വ്യാജേന എത്തുകയും മരിച്ചോ എന്ന് വിലയിരുത്തുകയും ന്യൂസ് പിഎഫ് ഐയുടെ രഹസ്യവാട്സ് അപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയുകയും ചെയ്തു.ശേഷം ഹനീഫയുടെ നിർദ്ദേശപ്രകാരം ഇയാളും,ഷബീറലിയും, ഹനീഫയും അർദ്ധ രാത്രി വരെ ഒത്തുചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. പുതിയ പാലം സ്വദേശിയായ അയാൾ പിന്നീട് ഗൾഫിലേക്ക് മുങ്ങിയതായി പോലീസിന് വിവരം ലദിച്ചിട്ടുണ്ട്. അയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയണ്.വളരെ കൃത്യമായി ആസൂത്രണം ചെയ്താണ് ഈ കൃത്യം പ്രതികൾ നടപ്പിൽ വരുത്തിയതെന്നും പോലീസ് പറയുന്നു .എന്നാൽ പോലീസിൻ്റെ അന്വേഷണ മികവിൽ പ്രതികൾ വലയിലാവുകയായിരുന്നു. ചേവായൂർ ഇൻസ്പെപെക്ടർ ടി.പി ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. കൂടാതെ എസ്ഐ രഘുനാഥൻ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം. സജി., ഷാലു.എം, ഹാദിൽ കുന്നുമ്മൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.