കോഴിക്കോട്:സാങ്കേതിക വിദ്യകളുടെയും സുഗന്ധവിള ഇനങ്ങളുടെയും വ്യാപനത്തിനായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ധാരണാപത്രം ഒപ്പുവച്ചു. കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിനു കീഴിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ പ്രിസിഷന്‍ ഫാമിംഗ്, തെലങ്കാനയിലെ ഒരു കര്‍ഷകന്‍ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ പ്രിസിഷന്‍ ഫാമിംഗുമായി മൂന്നു ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്.
കുരുമുളക്, മഞ്ഞള്‍, ഇഞ്ചി എന്നീ സുഗന്ധവിളകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്ന സൂക്ഷ്മമൂലകങ്ങള്‍ ഇനിമുതല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ പ്രിസിഷന്‍ ഫാമിംഗിന് ഉല്പാദിപ്പിക്കാനാവും. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം പകര്‍ന്നു നല്‍കുകയാണ് ധാരണപത്രം ലക്ഷ്യം വയ്ക്കുന്നത്. ഇതുവരെയായി 32 കര്‍ഷക സംരംഭകരാണ് ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ നടീല്‍ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിനായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.