localOthers

കോഴിക്കോട് ആകാശവാണി നിലയം നിലനിര്‍ത്തണം: മന്ത്രി ടി.പി. രാമകൃഷ്ണന്‍ കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: കോഴിക്കോട് ആകാശവാണി നിലയം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ് ദേക്കറിന് കത്തയച്ചു. എഴുപത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആകാശവാണി കോഴിക്കോട് നിലയം മലബാറിന്റെ സാമൂഹികസാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോടിന്റെ സാംസ്‌കാരിക വികസനത്തില്‍ ആകാശവാണി വലിയ പങ്കാണ് വഹിച്ചത്.

കോഴിക്കോടിന്റെ അഭിമാനമായ ഒട്ടേറെ സാംസ്‌കാരിക പ്രതിഭകള്‍ ആകാശവാണിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വാര്‍ത്താപ്രക്ഷേപണത്തിനൊപ്പം സാഹിത്യം, കല,വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, കായികം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആകാശവാണി കോഴിക്കോട് നിലയം മികച്ച ഇടപെടലാണ് നടത്തുന്നത്. ലക്ഷക്കണക്കിന് ജനങ്ങള്‍ ആകാശവാണിയുടെ ശ്രോതാക്കളായുണ്ട്.
മീഡിയം വേവ് നിലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിലയം പൂട്ടുന്നത്. സാമ്പത്തിക താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഈ തീരുമാനം അംഗീകരിക്കാനാവില്ല.

സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രമായി ഒരു നിലയം മതിയെന്ന പ്രസാര്‍ ഭാരതി നയം നടപ്പാക്കിയാല്‍ കോഴിക്കോട് നിന്നുള്ള പ്രക്ഷേപണം നിലയ്ക്കും. തിരുവനന്തപുരത്തേക്ക് ഒന്നോ രണ്ടോ പരിപാടികള്‍ അയച്ചുകൊടുക്കുന്ന ഉപഗ്രഹനിലയമായി കോഴിക്കോട് നിലയം മാറും. കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലെ നിര്‍ണായക കണ്ണിയായ ആകാശവാണി നിലയം നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
ആധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ച് കോഴിക്കോട് നിലയം നവീകരിക്കാന്‍ നടപടി സ്വീകരിക്കണം. കോഴിക്കോട് ആകാശവാണി മലബാറിന്റെ സാംസ്‌കാരിക മുദ്രകളില്‍ ഒന്നാണെന്ന് മന്ത്രി കത്തില്‍ ഓര്‍മ്മിച്ചു.

സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുപരിയായി ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കോഴിക്കോട് ആകാശവാണി നിലയം സംരക്ഷിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close