HealthKERALAlocaltop news

എംആർപി 165 രൂപ; യഥാർഥവില അഞ്ചു രൂപ * മാസ്ക്- സാനിറ്റൈസർ വിപണിയിൽ ” പെരുംകൊള്ള “

വിലനിയന്ത്രണ സംവിധാനം നോക്കുകുത്തി

ബാബു ചെറിയാൻ                                   കോഴിക്കോട്: കേവലം അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന N95 മാസ്കുകൾക്ക് 165 രുപ എംആർപി രേഖപ്പെടുത്തി മാസ്ക്ക് വിപണിയിൽ പെരുംകൊള്ള. 95 ശതമാനം വൈറസുകളെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് ഊരും പേരുമില്ലാത്ത കമ്പനികൾ പുറത്തിറക്കുന്ന മാസ്ക്കുകൾക്ക് 33 ഇരട്ടിവരെ എംആർപി രേഖപ്പെടുത്തി വിപണിയിലിറക്കിയിട്ടും തട്ടിപ്പ് നിയന്ത്രിക്കാൻ അധികൃതർ തയാറാവുന്നില്ല. കമ്പനി ഏത്, ഉത്പാദന തിയ്യതി, ഉപയോഗിക്കാവുന്ന കാലാവധി എത്ര തുടങ്ങി നിയമപ്രകാരമുള്ള അടിസ്ഥാന വിവരങ്ങളൊന്നും പായ്ക്കറ്റിൽ രേഖപ്പെടുത്താതെയാണ് ഉപഭോക്താക്കളെ കബളിപ്പിച് മാസ്ക് കമ്പനികൾ കീശ വീർപ്പിക്കുന്നത്. വില നിയന്ത്രണ അതോറിറ്റി, ഡ്രഗ് കൺട്രോൾവിഭാഗം, അളവുതൂക്ക നിയന്ത്രണ വിഭാഗം തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങൾ നിലവിലിരിക്കെയാണ് ഈ പെരുംകൊള്ള തുടരുന്നത്. എയർബോൺ (വായുവിലൂടെ പകരുന്ന) വൈറസുകളെ 95 ശതമാനം പ്രതിരോധിക്കും എന്നവകാശപ്പെടുന്നതാണ് N95 മാസ്കുകൾ. മൂന്ന് ലെയറുകളുള്ള മൈക്രോഫൈബറുകൾ കൊണ്ട് നിർമിച്ചതാണ് എന്ന് പായ്ക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. BFE എഫീഷ്യൻസി 95 ശതമാനമുണ്ടെന്നും പായ്ക്കറ്റിലുണ്ട്. ബാക്ടീരിയൽ- വൈറസ് ഫിൽട്ടറേഷൻ കഴിവ് 95 ശതമാനം ഉണ്ടെന്നതാണ് BFE-95 എന്ന വിവരംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്രയൊക്കെ ശാസ്ത്രീയവിവരങ്ങൾ പായ്ക്കറ്റുകളിൽ ആലേഖനം ചെയ്തിട്ടും, നിയമാനുസൃത വിവരങ്ങളായ കമ്പനിയുടെ പേര്, ഉത്പാദന തിയ്യതി, വാലിഡിറ്റി അഥവാ കാലാവധി എന്നിവ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്നില്ല. ഭാവിയിൽ ഉണ്ടാകാവുന്ന നിയമനടപടികളിൽ നിന്ന് രക്ഷപെടുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. 165 രൂപ എംആർപി രേഖപ്പെടുത്തിയ N95 മാസ്കിന് വെറും അഞ്ച് രൂപയാണ് കോഴിക്കോട് ഓയാസീസ് കോമ്പൗണ്ടിലെ മൊത്തവിൽപ്പനശാലകളിൽ വില. മറ്റു കടകളിൽ ആളും തരവും നോക്കിയാണ് കച്ചവടം. വിലപേശുന്നവർക്ക് കുറഞ്ഞവിലയ്ക്ക് നൽകുന്നവരും ഉണ്ട്. മിക്ക മെഡിക്കൽ ഷോപ്പിലും എംആർപി വിലയായ 165 രൂപയ്ക്കാണ് കച്ചവടം. മെഡിക്കൽ ഷോപ്പുകളിൽ ആരും വിലപേശാത്തതിനാൽ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു. അഞ്ച് രൂപയ്ക്ക് വിൽക്കണമെങ്കിൽ മൂന്നു രൂപയ്ക്കെങ്കിലും ലഭിക്കേണ്ടേ എന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. എംആർപി വിലയായ 165ൽ കുറവുള്ള ഏത് വിലയ്ക്ക് ലഭിച്ചാലും അത് ലാഭമായി കരുതുന്നതാണ് ഉപഭോക്ത മന:ശാസ്ത്രം. ഇത് തിരിച്ചറിഞ്ഞാണ് 33 ഇരട്ടി എംആർപി രേഖപ്പെടുത്തിയതിൻ്റെ തന്ത്രം. പരുത്തി കൊണ്ട് നിർമിച്ച മാസ്കുകളിലും ഇതേ തട്ടിപ്പ് നടക്കുന്നു. വില കൂടുന്ന മാസ്കുകൾ അതിസുരക്ഷ ഉള്ളവയാണെന്ന തെറ്റിദ്ധാരണ കമ്പനികൾ ചൂഷണം ചെയ്യുകയാണ്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സാനിറ്റൈസർ വിപണിയിലും വൻ തട്ടിപ്പ് നടക്കുന്നു. അഞ്ച് ലിറ്ററിൻ്റെ സിനിറ്റൈസറിന് 850 രൂപയാണ് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന എക്സ്ക്ലൂസീവ് ഷോറൂമുകളിലെ വില. എന്നാൽ കോഴിക്കോട് ഒയാസിസ് കോമ്പൗണ്ടിലെ കടകളിൽ ഇതേ ഉത്പന്നം 500 രൂപയ്ക്ക് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close