കൊയിലാണ്ടി: നിക്കാഹിനെത്തിയ വരനെയും സംഘത്തിനെയും ഗുണ്ടകളുമായെത്തി മാരകായുധങ്ങളു മായി അക്രമിക്കുുകയും കാര്‍ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ വധുവിന്റെ അമ്മാവനെ പോലിസ് അറസ്റ്റ് ചെയ്തു. നടേരി പറേച്ചാൽ വി.സി. കബറിനെയാണ് ചൊവ്വാഴ്ച വൈകീട്ട് കോരപ്പുഴ കണ്ണങ്കടവിൽ ആളില്ലാത്ത വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത്. കീഴരിയൂരിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ മുഹമ്മദ് സാലിഹി(29)ന്റെ നിക്കാഹിനോടനുബന്ധിച്ചായിരുന്നു ആക്രമം. കീഴരിയൂർ സ്വദേശിനിയായ പെൺകുട്ടിയുമായുള്ള മുഹമ്മദ് സാലിഹിന്റ പ്രണയ വിവാഹം ഇഷ്ട്ടപ്പെടാത്ത കുട്ടിയുടെ അമ്മാവൻമാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രണ്ട് മാസം മുമ്പ് കീഴരിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മത പ്രകാരം മതാചാര പ്രകാരമുളള നിക്കാഹ് നടത്തുന്നതിനായിരുന്നു വരനും സംഘവും കീഴരിയൂരിലെത്തിയത്. വരനും സംഘവും സഞ്ചരിച്ച കാര്‍ കീഴരിയൂരിൽ എത്തിയപ്പോള്‍ ആറംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷം മുഹമ്മദ് സാലിഹിനെ ആക്രമിക്കാനും ശ്രമമുണ്ടായി. അക്രമത്തില്‍ മുഹമ്മദ് സാലിഹിനും, സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു.
സംഭവത്തോടനുബന്ധിച്ച് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. കബീറിനെ കൂടാതെ അഞ്ചു പ്രതികളെ കൂടി കിട്ടാനുണ്ട്.പ്രതിയെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. മറ്റ് പ്രതികളും ഉടൻ പിടിയിലാവുമെന്ന് ഇൻസ്പെക്ടർ കെ.സി.സുബാഷ് ബാബു പറഞ്ഞു