കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോഴിക്കോട്നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ രോഷം പരസ്യപ്രകടനത്തിലേക്ക്. പാർട്ടി ആസ്ഥാനത്ത് നിരാഹാരം കിടക്കുന്നതടക്കം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി നേതാക്കൾ അറിയിച്ചു. പാരവച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ആദ്യ ഘട്ടമായി പോസ്റ്റർ പ്രചാരണം അടുത്ത ദിവസം തുടങ്ങും. റിബലുകളിറങ്ങിയ നഗര ഹൃദയത്തിലെ വാർഡുകളിൽ വേണ്ട സമയത്ത് നടപടിയെടുക്കാൻ കഴിയാത്തതിനാൽ ബി.െജ.പിയും എൽ.ഡി.എഫും നേട്ടം കൊയ്തതായാണ് വിലയിരുത്തൽ. 60ാം വാർഡായ പാളയത്തെ പരാജയത്തിന് കാരണം കെ.പി.സി. സി ജനറൽ സെക്രട്ടറി തന്നെയാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി പരസ്യമായി രംഗത്തെത്തി.
സി.പി.ഐയുടെ പി.കെ. നാസർ 26 വോട്ടിന് മുതിർന്ന കോൺഗ്രസ് നേതാവ് സക്കറിയ പി. ഹുസൈനെ തോൽപ്പിച്ച വാർഡിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥി റഫീഖ് 216 വോട്ടാണ് നേടിയത്. 69 ാം വാർഡായ കാരപ്പറമ്പിൽ ബി.ജെ.പി വീണ്ടും 474 വോട്ടിന് ഇടതു സ്ഥാനാർഥിയെ തോൽപ്പിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് 882 വോട്ട് മാത്രം. എന്നാൽ ഇവിടെ റിബലായി വന്ന സ്ഥാനാർഥിക്ക് 422 വോട്ട് കിട്ടി. 71ാം വാർഡായ അത്താണിക്കൽ മുൻ കോൺഗ്രസ് മുൻ കൗൺസിലർ ബി.ജെ.പിയിൽ ചേർന്ന് 132 വോട്ടിന് സി.പി.എമ്മിന്‍റെ സീറ്റ് പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയുടെ വോട്ടിൽ ഇടിവുണ്ടായി.
70ാം വാർഡായ ഇൗസ്റ്റ്ഹില്ലിൽ ബി.ജെ.പി 41 വോട്ടിന് ജയിച്ചിടത്തും കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് കിട്ടിയില്ലെന്നാണ് ആരോപണം. ബി.ജെ.പി 115 വോട്ടിന് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത 27ാം വാർഡായ പുതിയറയിൽ കെ.എസ്.യു പ്രസിഡൻറ് അഡ്വ. വി.ടി നിഹാൽ മൂന്നാം സ്ഥാനത്തായതും പാർടിയിെല വോട്ട് ചോർച്ച കാരണമെന്നാണ് ആരോപണം.
പാളയത്ത് വിമതനെ നിർത്തി സക്കറിയ പി.ഹുസൈനെ തോൽപിച്ചത് പാർടി നേതാക്കൾ തന്നെയെന്ന് കാണിച്ച് യുഡിഎഫ് പാളയം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ രമേശ് ചന്ദ്രനാണ് നേതൃത്വത്തിന് പരാതി നൽകിയത്.
റിബലായി റഫീക്കിനെ നിർത്തിയതിന് പിന്നിൽ പാർട്ടി നേതാവ് തന്നെയാണ്. മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വഴിയാണ് വിമതപ്രവർത്തനം നടന്നതെന്നും ഇരുവരുടെയും ഫോൺ കോളുകൾ പരിശോധിച്ചാൽ ഇത് ബോധ്യമാകുമെന്നും പരാതിയിലുണ്ട്. സക്കറിയ പി.ഹുസൈനെ സ്ഥാനാർഥിയാക്കാതിരിക്കാൻ തുടക്കം മുതൽ ശ്രമം നടന്നു. അത് പരാജയപ്പെട്ടപ്പോൾ പിന്നിൽ നിന്ന് കുത്തി. ഇവർക്കെതിരെ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ, ഉമ്മൻചാണ്ടി, എം.കെ.രാഘവൻ എം.പി തുടങ്ങിയവർക്ക് അയച്ച പരാതിയിൽ പറയുന്നു.