കോഴിക്കോട്: രാത്രികാല പട്രോളിങ്ങിനിടെ ടൗൺ പോലീസിൻ്റെ ജീപ്പിലെ ചില്ലുകൾ എറിഞ്ഞുതകർത്ത് ബൈക്കിൽ രക്ഷപെട്ട രണ്ടംഗസംഘത്തെ കസബ എസ് ഐ വി.സിജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഫറോക്ക് കൊളത്തറ പാലത്തിങ്ങൽ ഹംസക്കോയയുടെ മകൻ സുമീർ (30), പ്രായപൂർത്തിയാകാത്ത ബാലൻ എന്നിവരെയാണ് ഇന്നു പുലർച്ചെ കെഎസ്ആർടിസി പരിസരത്തു് വച്ച് ഓട്ടോതൊഴിലാളികളുടെ സഹായത്തോടെ പോലീസ് ഓടിച്ചു പിടികൂടിയത്. കഴിഞ്ഞദിവസമാണ് ടൗൺപോലീസിൻ്റെ പട്രോളിങ്ങ് ജീപ്പ് എറിഞ്ഞുതകർത്തത്. ഇതിനുശേഷം രാത്രി ബിഇഎം സ്കൂളിന് സമീപം ഇതരസംസ്ഥാന തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിൻ്റെ നമ്പറിനെകുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തവെയാണ് ഇന്ന് നഗരത്തിൽ വച്ച് പിടിയിലാകുന്നത്. മുൻപ് റെയിൽവെ സംരക്ഷണ സേനാംഗങ്ങൾക്കുനേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് സുമീർ.ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതിയായ ബാലനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി രക്ഷിതാവിനൊപ്പം വിട്ടയച്ചു.