KERALAlocaltop news

മലമാനിനെ വേട്ടയാടിയ സംഘത്തിലെ നാലുപേര്‍ അറസ്റ്റിൽ

ഒരു കിൻ്റ്വലിലധികം മാനിറച്ചി പിടിച്ചെടുത്തു

അടിവാരം: പുതുപ്പാടിയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മലമാലിനെ വേട്ടയാടിയ സംഘത്തിലെ നാലുപേരെ വനപാലകര്‍ അറസ്റ്റു ചെയ്തു. കോരങ്ങാട് പാറമ്മല്‍ വാപ്പനാംപൊയില്‍ ആലുങ്ങല്‍ മുഹമ്മദ് റഫീഖ് എന്ന മാനു (43), പുതുപ്പാടി മട്ടിക്കുന്ന് സ്വദേശികളായ വെള്ളിലാട്ട്പൊയില്‍, വി.പി.ഭാസ്‌കരന്‍ (49), പൂവന്‍മലയില്‍ വീട്ടില്‍ വി.മഹേഷ് (40), ഉമ്മിണിക്കുന്നേല്‍ യു.ജെ.ബാബു (48) എന്നിവരാണ് അറസ്റ്റിലായത്.
പുതുപ്പാടി മൈലള്ളാംപാറ മട്ടിക്കുന്ന് പ്രദേശത്ത് മലമാനിനെ വേട്ടയാടിയെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് താമരശേരി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായത്. ഇവരില്‍ നിന്നും 102 കിലോ മാനിറച്ചിയും മാനിന്റെ തലയും കൊമ്പും  പിടിച്ചെടുത്തു. മലമാനിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികള്‍ ഇറച്ചി വീതം വെച്ചെടുക്കുകയായിരുന്നെന്ന്  അധികൃതര്‍ പറഞ്ഞു. വി.പി.ഭാസ്‌കരന്‍, വി.മഹേഷ്, യു.ജെ.ബാബു എന്നീ പ്രതികളെ തിങ്കളാഴ്ച രാത്രിയും ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുഹമ്മദ് റഫീഖിനെ ചൊവ്വാഴ്ച രാവിലെയുമാണ് വനപാലകര്‍ പിടികൂടിയത്. കേസില്‍ മട്ടിക്കുന്ന് സ്വദേശികളായ ബാലകൃഷ്ണന്‍, ഷിജു, രാജേഷ്, സിജു, പ്രകാശന്‍ എന്നീ അഞ്ചു പ്രതികള്‍ കൂടി പിടിയിലാവാനുണ്ടെന്ന് ആര്‍എഫ്ഒ പി.സുധീര്‍ നെരോത്ത് പറഞ്ഞു.
താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ടി.ബിജു, മുസ്തഫ സാദിഖ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.ദീപേഷ്, കെ.വി.ശ്രീനാഥ്, ജി.എസ്.സജു, ഡ്രൈവര്‍ പി.ജിതേഷ്, വാച്ചര്‍മാരായ എം.എം.പ്രസാദ്, ലജുമോന്‍, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. പ്രതികളെ പിന്നീട് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മസിസ്ട്രേറ്റ് കോടതി(രണ്ട്)യില്‍ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close