ആനക്കാംപൊയിൽ: മുത്തപ്പൻ പുഴയ്ക്ക് സമീപം ഇന്നലെ കിണറ്റിൽ വീണ കാട്ടാനയെ സമീപത്തെ വനപ്രദേശത്ത് ആവശ നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ നിവാസികളായ നാട്ടുകാരാണ് ആനയെ അവശ നിലയിൽ കണ്ടെത്തിയതായി അറിയിച്ചത്.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചു വന്നിരുന്നു. പ്രശസ്ത വെറ്റിനറി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാർ ആനയെ പരിശോധിച്ച് ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി. മൂന്നു ദിവസത്തോളമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ ക്ഷീണവും നിർജ്ജലീകരണവും ബാധിച്ചതാവാം അവശതക്ക് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായി അവർ അറിയിച്ചു.
മൂന്നു ദിവസം മുൻപ് കിണറ്റിൽവീണ് കാട്ടാനയെ 12 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. ആനക്കാംപൊയിൽ മുത്തപ്പൻ പുഴ തൊണ്ണൂറ് എന്ന സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ ആയിരുന്നു ആനയെ കണ്ടെത്തിയത്. വനം വകുപ്പു ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീം, എലിഫൻറ് സ്ക്വാഡ് കൂടാതെ നാട്ടുകാരും 12 മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് ആനയെ രക്ഷിക്കാനായത്.