കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ കോവിഡിൻ്റെ പേരിൽ ചികിത്സ നൽകാതെ അവയവ കച്ചവടം നടത്തുന്നതായി സംശയിക്കുന്നുവെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ആക്ഷേപം .എൽജെഡി കൗൺസിലർ എൻ.സി മോയിൻകുട്ടിയാണ് ഗുരുതര ആക്ഷേപം ഉന്നയിച്ച് ശ്രദ്ധക്ഷണിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ വിദഗ്ദ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡിഎംഒ യ്ക്ക് പരാതി നൽകണമെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ നിർദ്ദേശിച്ചു. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മേയർ ബീന ഫിലിപ്പ് ഉറപ്പ് നൽകി .
https://www.youtube.com/watch?v=B0YOB598krE
നെഞ്ചുവേദനയെ തുടർന്ന് തന്റെ സുഹൃത്ത് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു എൻ.സി. മോയിൻകുട്ടിയുടെ ഇടപെടൽ. ഇത്തരത്തിലുണ്ടാകുന്ന മരണങ്ങളിൽ അന്വേഷണം നടത്തണമെന്നും ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നെഞ്ചുവേദന വന്ന രോഗിക്ക് കോ വിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് കോ വിഡ് രോഗികൾക്കായുള്ള ഐസിയുവിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾക്കകം സുഹൃത്ത് മരണപ്പെട്ടുവെന്ന അറിയിപ്പ് ബന്ധുക്കൾക്ക് ലഭിച്ചു. ഐസിയുവിൽ കിടന്നതിൻ്റെ വീഡിയോവും ബന്ധുക്കൾക്ക് നൽകി. മൃതദേഹം ആരേയും കാണിക്കാതെ പെട്ടെന്ന് ദഹിപ്പിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. സാധാരണ അപകട മരണം നടന്നാൽ ഇൻക്വസ്റ്റ് തയാറാക്കാറുണ്ട്. കോവിഡ് മരണമായാൽ യാതൊരു പരിശോധനയുമില്ല . മൃതദേഹം ദഹിപ്പിക്കുന്നതിനാൽ അന്വേഷണത്തിന് ഇനി ഒരു സാധ്യതയുമില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ കോവിഡ്മൂലം മരിക്കുന്നവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക വിദഗ്ദസംഘം രൂപീകരിക്കണമെന്നും മോയിൻകുട്ടി ആവശ്യപ്പെട്ടു. സുഹൃത്തിനെ ചികിത്സിച്ച കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രി ഫീസിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായും സ്വന്തം കെട്ടുതാലി വിറ്റാണ് അദ്ദേഹത്തിൻ്റെ ഭാര്യ പണം സ്വരൂപിച്ചതെന്നും മോയിൻകുട്ടി പറഞ്ഞു.
എന്നാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകാത്ത സാഹചര്യം ഇല്ലെന്ന് കോൺഗ്രസ് കൗൺസിലറും ഡോക്ടറുമായ പി.എൻ. അജിത പറഞ്ഞു. ആർക്കും ചികിത്സ നിഷേധിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. എന്നാൽ സാധാരണക്കാരന്റെ ആശങ്ക പങ്കുവെക്കുകയാണെന്നും സ്വകാര്യ ആശുപത്രികളെ വെള്ളപൂശാൻ ആരും മുതിരേണ്ട ആവശ്യമില്ലെന്നും മോയിൻകുട്ടി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് മെഡിക്കൽ കോളേജ് സൗത്ത് കൗൺസിലർ ഇ.എം. സോമൻ പറഞ്ഞു.