കോഴിക്കോട്: മൂകമായ ഗിരിജയുടെ ജീവിതത്തില്‍ ശബ്ദമായി പാലക്കാട്ടുകാരന്‍ പ്രശാന്ത് ഇനി കൂടെയുണ്ടാകും. കോഴിക്കോട് മഹിളാ മന്ദിരത്തില്‍ നടന്ന ചടങ്ങിലാണ് പ്രശാന്ത് ഗിരിജയുടെ കഴുത്തില്‍ താലി കെട്ടിയത്. 1998 മുതല്‍ മഹിളാ മന്ദിരത്തിലെ താമസക്കാരിയാണ് ഗിരിജ. ആരോരുമില്ലാത്ത ഗിരിജയെ കൊണ്ടോട്ടി പോലീസ് ആണ് ഇവിടെയെത്തിച്ചത്. തയ്യല്‍ക്കാരിയായ ഗിരിജ അതില്‍നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് 10 പവനോളം സ്വര്‍ണം കല്യാണത്തിനായി വാങ്ങിയിരുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. മലബാര്‍ ഗോള്‍ഡ്, ഗിരിജ ജോലി ചെയ്തിരുന്ന എന്‍ജിഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള സുനിജ ഗാര്‍മെന്റ്‌സ്, തൃശ്ശൂര്‍ എസ്ബിഐ മാനേജര്‍ ശങ്കര്‍ റാം തുടങ്ങിയവര്‍ വിവാഹ സമ്മാനങ്ങള്‍ നല്‍കി. രണ്ട് വര്‍ഷത്തിനിടെ മഹിളാ മന്ദിരത്തില്‍ നടക്കുന്ന നാലാമത്തെ കല്ല്യാണമാണിത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, കൗണ്‍സിലര്‍മാരായ ഫെനിഷ, വരുണ്‍ ഭാസ്‌ക്കര്‍, മുന്‍ കൗണ്‍സിലര്‍ ബിജുലാല്‍, വനിതാ ശിശു വികസന ഓഫീസര്‍ അനീറ്റ എസ് ലിന്‍, ബാലാവകാശ കമ്മീഷന്‍ അംഗം ബബിത തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ താമസക്കാരനായ തങ്കപ്പന്‍ മാസ്റ്റര്‍ കാര്‍മികത്വം വഹിച്ചു.