കോഴിക്കോട് :ടൗണ്‍ പോലീസ് സ്റ്റേഷന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വഹിച്ചു. അടുത്ത കാലത്ത് പോലീസ് സ്റ്റേഷനുകളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.കെ.മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ചൈല്‍ഡ് ഫ്രണ്ട്ലി പോലീസിംഗ്, ജനമൈത്രി പോലീസ് എന്നിവയോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പോലീസ് സ്റ്റേഷനും ആയിരിക്കുകയാണ് ടൗണ്‍ പോലീസ് സ്റ്റേഷന്.
കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് സ്റ്റേഷന് മാതൃകയായിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, ബോധവല്‍ക്കരണ ക്ലാസുകള്‍ എസ്എസ്എല്‍സി തോറ്റവര്‍ക്കും സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോയവര്‍ക്കുമായി ‘ഹോപ്പ് ‘ പദ്ധതിയിലൂടെ പരിശീലനം നല്‍കിയിരുന്നു. പരീക്ഷയെഴുതിയ 62 കുട്ടികളില്‍ 58 പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. പോലീസിന്റെ ‘ചിരി’ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കി വരുന്നു. 4800 ലധികം അതിഥി തൊഴിലാളികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അവരുടെ നാട്ടിലേക്ക് ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതെ മടക്കി അയക്കുന്നതിലും തെരുവില്‍ കഴിയുന്ന 700ലധികം പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലും സ്റ്റേഷന് അധികൃതര്‍ മുഖ്യ പങ്ക് വഹിച്ചു.
കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ഐജി പി.അശോക് യാഥവ്, സിറ്റി പോലീസ് മേധാവി എ.വി.ജോര്‍ജ്, ലീഡ് ഓഡിറ്റര്‍ ലിബിന് ബേബി, ടൗൺ ഇൻസ്പെക്ടർ എ.ഉമേഷ്, എസ്.ഐ കെ.ടി ബിജിത്ത്, കൗൺസിലർ എസ്.കെ.അബൂബക്കര്‍, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സെക്രട്ടറി ശശികുമാര്‍, കേരള പോലീസ് അസോസിയേഷന് സെക്രട്ടറി ശ്രീജേഷ്, സ്റ്റേഷന് റൈറ്റര്‍ കെ.ദേവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.