ബേപ്പൂർ: കോഴിക്കോട് കോർപ്പറേഷൻ 47-ാം ഡിവിഷനിൽ ഉൾപ്പെടുന്ന പശുക്കുളം,ചാലിയാർ,കിഴക്കുംപാടം തോട് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലാണ്. രണ്ട് കിലോമീറ്ററിലധികം നീളം വരുന്ന തോടിന്റെ ഇരുകരകളിലുമായി അഞ്ഞൂറിലധികം വീടുകളിലായി രണ്ടായിരത്തോളം പേർ വസിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിലും പതിവ് കാലവർഷത്തിലും വെള്ളം ഉയർന്നതിനെ തുടർന്ന് മിക്കവരും ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകിലേക്കും മാറി. വർഷങ്ങളായി ഇതു തന്നെയാണ് അവസ്ഥ.
തോണി വരെ സുഗമമായി പോയിരുന്ന തോടിന്റെ പലയിടങ്ങളിലും വീതി കുറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട നിലയിലാണ്.ഡിവിഷന്റെ പലയിടങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇടുങ്ങിയ തോടിന് ഉൾക്കൊള്ളാൻ കഴിയാതെ കവിഞ്ഞൊഴുകി വീടുകളിൽ കയറുന്ന അവസ്ഥയാണ്.
പ്രശ്നത്തിന് പരിഹാരം കാണാൻ
പ്രദേശത്തെ വെയ്പുര, നാനോ,മാവിൻചുവട്, കിഴക്കുംപാടം,സദ്ഗമയ റസിഡൻസ് അസോസിയേഷനുകൾ ചേർന്ന് പശുക്കുളം ചാലിയാർ തോട് സംരക്ഷണ സമതി രൂപീകരിച്ചു.
പശുക്കുളം മുതൽ ബേപ്പൂർ സ്റ്റേഡിയത്തിനരികിലൂടെ ചീർപ്പ് പാലം വഴി ചാലിയാറിലെത്തുന്ന തോടിന്റെ ഇരുഭാഗങ്ങളിലുമുള്ള കയ്യേറ്റം ഒഴിവാക്കി തോട് പുനസ്ഥാപിച്ച് കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം കൗൺസിലർ ഗിരിജ ടീച്ചർക്ക് നിവേതനം നൽകി.യോഗത്തിൽ തോട് സംരക്ഷണ സമിതി കൺവീനർ ഉണ്ണികൃഷ്ണൻ.ടി, തറയിൽ അശോകൻ, ആർ.കെ ദിനേശൻ എന്നിവർ സംബന്ധിച്ചു.