KERALAlocaltop news

തെരുവുവിളക്കുകൾ കത്താത്തതിൽ നഗരസഭ കൗൺസിൽ പ്രതിഷേധം

* " കോവിഡ് ജാഗ്രതയില്ലായ്മക്ക് കനത്ത വില നൽകേണ്ടിവരും "

കോഴിക്കോട്: നഗരത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിന്റെ പേരിൽ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആക്ഷേപം. കർണാടക ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപറേഷനാണ് തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് പുറമെ ഭരണപക്ഷ കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തി.
ലൈറ്റുകൾ കത്തുന്നില്ലെന്നും സാമഗ്രികളുടെ ഗുണനിലവാരം കുറവാണെന്നും കൗൺസിലർമാർ പറഞ്ഞു. വൈദ്യുതി ബോർഡും കർണാടക ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപറേഷനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ആക്ഷേപം. കോതി അപ്രോച്ച് റോഡിൽ ലൈറ്റ് കത്തുന്നില്ലെന്ന് മൊഹ്‌സിന പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പി. ഉഷാദേവി, കെ. മൊയ്തീൻകോയ, കെ.സി. ശോഭിത,നവ്യ ഹരിദാസ് എന്നിവർ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് സി.പി. സുലൈമനും എം.പി. സുരേഷും പറഞ്ഞു.
പ്രശ്‌നം ചർച്ച ചെയ്യാൻ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസ് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെയും കർണാടക ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപറേഷൻ പ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് ഡെപ്യൂട്ടി മേയർ  മുസഫിർ അഹമ്മദ്അറിയിച്ചു.അതേസമയം കർണാടക ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപറേഷന് 47,50,000 രൂപ അനുവദിച്ചു. പദ്ധതി നിർവഹണത്തിന് ആവശ്യമായ തുകയിൽ കുറവ് വരുത്തിയതുമായി ബന്ധപ്പെട്ട് കെ.സി ശോഭിത നൽകിയ അടിയന്തര പ്രമേയം ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് തള്ളി. വിഷയം മേയറും സെക്രട്ടറിയും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. പദ്ധതി വിഹിതം കുറക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് വീട് പുതുക്കി പണിയുന്ന പത്ത് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിൽ ഒരു ലക്ഷം രൂപയിലധികം രജിസ്‌ട്രേഷൻ തുക വരുന്നത് ഒഴിവാക്കണമെന്ന് പി. പ്രസീന അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
സ്‌റ്റേഡിയം സത്രം കോളനിയിലെ താമസക്കാരെ ഒഴിപ്പിക്കില്ലെന്ന് ഡെപ്യൂട്ടി മേയർസി.പി മുസഫർ അഹമ്മദ് പറഞ്ഞു. സത്രം കോളനിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കരുതെന്നാവശ്യപ്പെട്ട് എസ്.കെ അബൂബക്കർകോയ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സത്രം കോളനിയിൽ വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവർക്ക് ഒഴിയാൻ നോട്ടീസ് നൽകിയതായി കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് യോഗത്തിൽ അറിയിച്ചു.
പാവങ്ങളെ കുടിയിറക്കി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന്  കെ. മൊയ്തീൻകോയ പറഞ്ഞു.
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ബീച്ചിലും മറ്റു ജനങ്ങൾ കൂടിച്ചേരുന്ന സ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ യോഗം നിർദേശിച്ചു. സി.പി.എമ്മിലെ വി.കെ മോഹൻദാസ് ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു.  ആദ്യത്തെ അഞ്ചുമാസം ഉണ്ടായിരുന്ന ജാഗ്രത പിന്നീട് നഷ്ടമായതായി കോർപറേഷൻ സെക്രട്ടറി പറഞ്ഞു.  ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹകരണം ഇക്കാര്യത്തിൽ തേടുമെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് പറഞ്ഞു.
മാങ്കാവ് ജംഗ്ഷനിലെ ഗതാഗതകുരുക്ക് നീക്കാൻ നടപടി ഉണ്ടാവണമെന്ന് എൽ.ജെ.ഡി അംഗം എൻ.സി മോയിൻകുട്ടി ശ്രദ്ധക്ഷണിച്ചു. തരിശുഭൂമിയിൽ കൃഷി ഇറക്കുന്നതിന് പദ്ധതി വേണമെന്ന് ടി. മുരളീധരൻ ആവശ്യപ്പെട്ടു. മാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജൻസികളെ തടയണമെന്നും ഹരിത സേനയ്ക്ക് പ്രാധാന്യം നൽകണമെന്നും കെ.പി. രാജേഷ്കുമാർ ആവശ്യപ്പെട്ടു. ബീച്ചിലെ നവീകരണത്തിന്റെ ഭാഗമായുള്ള ഉന്തുവണ്ടി കച്ചവർക്കാർക്ക് സൗകര്യമൊരുക്കണമെന്ന് സി.പി. സുലൈമാനും വാടക കെട്ടിടത്തിൽ പ്രവർ‌ത്തിക്കുന്ന അംഗനവാടികൾക്ക് കെട്ടിടം നിർമാക്കണമെന്ന് സി.എസ് സത്യഭാമയും ശ്രദ്ധക്ഷണിച്ചു. പി. ഉഷാദേവി,കെ. നിർമല, സുജാത കൂടത്തിങ്കൽ ഇ.എം. സോമൻ, ഈസ അഹമ്മദ്, അജീബ ഷമീൽ,പി.സി രാജൻ, പി.കെ. നാസർ, കെ. റംലത്ത്, അൽഫോൺസ മാത്യു, എൻ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close