കോഴിക്കോട്: കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ വിലക്കയറ്റത്തിനിടയാക്കുന്ന കോടതി ഉത്തരവുകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിര്‍മാണമേഖല സ്തംഭിക്കുന്ന സമരമാര്‍ഗങ്ങളിലേക്ക് പോകാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ 50 മീറ്ററായിരുന്നു ക്വാറികളുടെ ദൂരപരിധി. ക്വാറികളുടെ പ്രവര്‍ത്തനം പരിസ്ഥിതി ആഘാതങ്ങള്‍ക്ക് കാരണമല്ലെന്നിരിക്കെ, വന്‍കിട കുത്തകകള്‍ക്കു വേണ്ടി ഒരു വിഭാഗം ഉദ്യോഗസ്ഥരും കപട പരിസ്ഥിതി വാദികളും നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതാണ് ദൂരപരിധി വര്‍ധിപ്പിക്കാനിടയാക്കിയതെന്നും വ്യാജ പരാതികളെ കുറിച്ചും ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും പഠിക്കാനുള്ള കമ്മിഷനില്‍ ചെറുകിട ക്വാറി, ക്രഷര്‍ വ്യവസായ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്നും കോഴിക്കോട്ട് നടന്ന കാറി ഉടമകളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അദാനിയെ സഹായിക്കാനുള്ള നീക്കം…
സര്‍ക്കാര്‍ പുറമ്പോക്കു ഭൂമികളിലെ ഖനനത്തിന്പുതുതായി ഏര്‍പ്പെത്തിയ ഭീമമായ ഫീസ് പരമ്പരാഗത ചെറുകിട ക്വാറികളെ പൂര്‍ണമായും ഇല്ലാതാക്കും. അദാനിയെ പോലുള്ള വന്‍കിട കുത്തകകളെ സഹായിക്കാനാണ് ഈ നീക്കം. ചെറുകിട ക്വാറികള്‍ ഇല്ലാതാകുന്നതോടെ ക്വാറി ഉല്‍പ്പന്നങ്ങളെ മാത്രം ആശ്രയിക്കുന്ന കമ്പി, സിമന്റ്, ഹോളോബ്രിക്‌സ് വ്യവസായങ്ങളും പ്രതസന്ധിയിലാകും. നിര്‍മാണ വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനൊപ്പം ഇത്തരം നീക്കങ്ങള്‍ നിര്‍മാണമേഖലയെ പാടെ ഇല്ലാതാക്കും.
സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം….
ദൂരപരിധി സംബന്ധിച്ച ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ക്വാറി ക്രഷര്‍ യൂണിറ്റുകളും അടച്ചുപൂട്ടി സമരത്തിനിറങ്ങുമെന്നും കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറികെ.സതീഷ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.കെ.ബാബു, പ്രസിഡന്റ് അഡ്വ. എന്‍.കെ.അബ്ദുള്‍ മജീദ്, കലഞ്ഞൂര്‍ മധു, ക്രഷര്‍ ഒണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.കെ.അലി മൊയ്തീന്‍ ഹാജി, ടി.കെ അബ്ദുള്‍ ലത്തീഫ് ഹാജി, ബാവ താമരശ്ശേരി, ഹബീബ് റഹിമാന്‍, കെ.സി.ക്യഷ്ണന്‍,കുഞ്ഞാവ വയനാട്, ബീരാന്‍കുട്ടി മലപ്പുറം, അബ്ബാസ് കാസര്‍കോട്, മുഹമ്മദലി ഇരിട്ടി, ജോര്‍ജ് ഈരാറ്റുപേട്ട, ഷിബിന്‍ പത്തനംതിട്ട, ബാലന്‍ മേപ്പയ്യൂര്‍, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍:
എം.കെ.ബാബു(സെക്രട്ടറി), അഡ്വ. എന്‍.കെ.അബ്ദുള്‍ മജീദ്, (പ്രസിഡന്റ്) കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍, ബീരാന്‍കുട്ടി മലപ്പും(വൈസ് പ്രസിഡന്റുമാര്‍), ഹരികുമാര്‍, ബെല്‍ജി കോട്ടയം(ജോയിന്റ് സെക്രട്ടറിമാര്‍),
ടി.എം.ക്ലമന്റ് തിരുവനന്തപുരം, കൊച്ചുമോന്‍ ഇടുക്കി, കുഞ്ഞാവ വയനാട് (എക്‌സിക്യുട്ടീവ് കമ്മിറ്റി).