Politics
യുവജന കമ്മീഷന് അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി

കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന് ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. 16 പരാതികളാണ് ആകെ ലഭിച്ചത്. ആറ് പരാതികള്‍ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റിവെച്ചു.
കെ.എം.സി.ടി. കോളേജിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ നല്കിയ പരാതിയില്‍ ഏപ്രില്‍ 30-നകം കുടിശ്ശിക ഒന്നിച്ചോ തവണകളായോ നല്‍കണമെന്ന് കമ്മിഷന് ഉത്തരവായി .
എ.വി. അബ്ദുറഹിമാന് ഹാജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിദ്യാര്ഥികള്ക്കെതിരേ മാനേജ്മെന്റ് സദാചാര പോലീസിങ് നടത്തി, പുറത്താക്കാനുള്ള ശ്രമം നടത്തുന്നതായുള്ള പരാതി സമയബന്ധിതമായി അന്വേഷിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടു. കമ്മീഷന് അംഗങ്ങള്‍ കോളജ് സന്ദര്‍ശിക്കാനും തീരുമാനിച്ചു .
കോഴിക്കോട് വിമന്‍സ് ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തുനിന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഹോസ്റ്റല്‍ അധികൃതര്‍ ഹാജരാവുകയും പരാതി പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്മീഷനെ അറിയിക്കുകയും ചെയ്തു.
കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകന് ബുദ്ധിമുട്ടിക്കുന്നു എന്ന പരാതിയില്‍ ഗ്രീവെന്‍സ് സെല്ലിന്റെ കണ്ടെത്തലുകള്‍ പരിശോധിക്കുവാനും ബന്ധപ്പെട്ട അധ്യാപകനോട് നേരിട്ട് ഹാജരാകുവാനും കമ്മീഷന് നിര്‍ദേശിച്ചു.
സദാചാര പോലീസിങ്ങിനെതിരേ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും കര്‍ശനമായ നിയമനിര്‍മ്മാണത്തിന് നടപടിയെടുക്കുമെന്നും യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം പറഞ്ഞു
കമ്മീഷന് അംഗങ്ങളായ എസ്.കെ. സജീഷ്, പി.കെ മുബഷീര്‍ ,വി.വിനില്‍, കെ.പി ഷാജിറ, റനീഷ് മാത്യു ,പി .എ സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.