സ്‌പോര്‍ട്‌സിനെ കൂട്ടുപിടിച്ച് ജീവിതപ്രതിസന്ധികളോട് നിരന്തരം പോരാടിയ ഫൗസിയ മാമ്പറ്റ കളികളും ആരവവും ഇല്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു. പവര്‍ലിഫ്റ്ററായി കായിക രംഗത്തേക്ക് കാലെടുത്തു വെച്ച ഫൗസിയ ഹാന്‍ഡ്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ജൂഡോ, ഫുട്‌ബോള്‍ എന്നിങ്ങനെ പയറ്റി നോക്കാത്ത കായിക ഇനങ്ങളില്ല.
കേരള വനിതാ ഫുട്‌ബോള്‍ ടീമില്‍ ഗോള്‍ കീപ്പറായിരുന്ന ഫൗസിയ കളി ജീവിതം നിര്‍ത്തിയ ശേഷം ഫുട്‌ബോള്‍ പരിശീലകയായി. വനിതാ ഫുട്‌ബോളിന് വലിയ പ്രാമുഖ്യമില്ലാത്ത കാലത്താണ് ഫൗസിയ വിപ്ലവം സൃഷ്ടിക്കുന്നത്. കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പെണ്‍കുട്ടികള്‍ മടികൂടാതെ മുന്നോട്ട് വരാന്‍ ഫൗസിയ ഊര്‍ജമായി.
നടക്കാവ് ഗേള്‍സ് സ്‌കൂള്‍ഗ്രൗണ്ടില്‍ നിന്ന് ഫൗസിയ രാജ്യാന്തര താരങ്ങളെ വരെ വിരിയിച്ചെടുത്തു. ആ പട്ടികയില്‍ പി.ടി നിഖില, ആഷ്‌ലി എന്നിങ്ങനെ നിരവധി പേരുണ്ട്. 2013 ല്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വനിതാ ഫുട്‌ബോള്‍ ഉള്‍പ്പെടുത്താന്‍ ഫൗസിയ നടത്തിയ പോരാട്ടം വിസ്മരിക്കാനാവില്ല.
ഇടക്ക് തലപൊക്കിയ അര്‍ബുദത്തെ ചവിട്ടിത്താഴ്ത്തിയാണ് ഫൗസിയ മുന്നോട്ട് കുതിച്ചത്. ഒടുവില്‍ കളിയും ആരവവും ഇല്ലാത്ത കൊവിഡ് കാലത്ത് അര്‍ബുദം ഫൗസിയയെ തട്ടിയെടുത്തു. കേരളത്തിലെ വനിതാ ഫുട്‌ബോളിന് നല്‍കിയ സംഭാവനകളുടെ പേരില്‍ ഫൗസിയ എക്കാലവും ജനഹൃദയങ്ങളിലുണ്ടാകും.