കോഴിക്കോട്: പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിക്കുന്ന അടിയന്തരപ്രമേയവും മറ്റ് ശ്രദ്ധക്ഷണിക്കലും ചർച്ചയുമെല്ലാം മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രമേയങ്ങള്‍ അനുവദിക്കാന്‍ പറ്റില്ലെന്ന മേയറുടെ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്. കേന്ദ്ര ഭരണത്തെ പിണക്കാതിരിക്കാനാണ് എൽ.ഡി.എഫ് ഇന്ധനവില വർധനക്കെതിരേ പ്രമേയത്തിന് പോലും അനുമതിനിഷേധിക്കുന്നതെന്ന് ഭരണപക്ഷം ആരോപിച്ചു. എന്നാൽ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഇന്ധനവില വർധനക്കെതിരെയടക്കം കൊണ്ടുവന്ന എല്ലാ അടിയന്തര പ്രമേയങ്ങളും ശ്രദ്ധക്ഷണിക്കലും മാറ്റിവെക്കുകയാണെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. യു.ഡി.എഫ് അംഗങ്ങള്‍ ഇതിനെ ചോദ്യം ചെയ്തു. മുദ്രാവാക്യം വിളികളോടെയാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. ജനങ്ങളുടെയും കൗണ്‍സിലിന്റെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിതയും ഉപനേതാവ് കെ. മൊയ്തീന്‍കോയയും പറഞ്ഞു. പാചകവാതകത്തിന് വില കൂട്ടിയ നടപടിക്കെതിരെയുള്ള പ്രമേയം അനുവദിക്കാതിരിക്കുന്നത് ബി.ജെ.പിയെ പേടിച്ചിട്ടാണെന്ന് കെ. മൊയ്തീന്‍കോയ കുറ്റപ്പെടുത്തി. കൗണ്‍സിലില്‍ ഇതുവരെയില്ലാത്ത കീഴ് വഴക്കം ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. വിഷയം കക്ഷിനേതാക്കളുമായി ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും പെട്ടെന്ന് നടപടിയെടുക്കുന്നത് ശരിയല്ലെന്നും മൊയ്തീന്‍കോയ പറഞ്ഞു. ചര്‍ച്ചകളെ എന്തുകൊണ്ടാണ് ഭരണപക്ഷം ഭയപ്പെടുന്നതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചു. ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട് പാര്‍ലമെൻറില്‍ ഒന്നും പറയാത്ത കോണ്‍ഗ്രസിന്റെയും ലീഗിന്റെയും എം.പിമാര്‍ ഉണ്ടെന്ന കാര്യം മറക്കരുതെന്ന് സി.പി.എമ്മിലെ സി.പി സുലൈമാന്‍ പ്രതികരിച്ചതോടെ ചര്‍ച്ച രാഷ്ട്രീയതലത്തിലേക്ക് നീങ്ങി. ആരെയും ഭയന്നിട്ടല്ല തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരം സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതുകൊണ്ടാണ് പ്രമേയങ്ങള്‍ മാറ്റിവെച്ചതെന്ന് മേയര്‍ വിശദീകരിച്ചു. മേയറുടെ റൂളിങ് അംഗീകരിക്കണമെന്ന് ഭരണപക്ഷത്തുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്‍.സി.മോയിന്‍കുട്ടി, എസ്.കെ.അബൂബക്കർ എന്നിവരും സംസാരിച്ചു. മേയര്‍ നീതി പാലിക്കുക എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫ് അംഗങ്ങള്‍ പുറത്തുപോയത്.
വിവിധ ആവശയങ്ങൾക്ക് അേപക്ഷാഫോമുകളും മറ്റും തയ്യാറാക്കുന്നതിന് അപേക്ഷകരെ സഹായിക്കാനുള്ള നഗരസഭ ഓഫീസ് കവാടത്തിന് പുറകിലുള്ള കിയോസ്ക് നടത്തിപ്പ് കുടുംബശ്രീക്ക് തന്നെ മൂന്ന് കൊല്ലം കൂടി നൽകാൻ തീരുമാനം. മഹിളാമാൾ നഷ്ടത്തിലായതും മറ്റും ചൂണ്ടിക്കാട്ടി യു.ഡി.എഫ് എതിർത്തതിനെ തുടർന്ന് വോട്ടെടുപ്പിലൂടെ 14ന് എതിരെ 55വോട്ടിനാണ് അജണ്ട അംഗീകരിച്ചത്. ബി.ജെ.പി അംഗങ്ങളും അജണ്ടയെ എതിർത്തില്ല. നഷ്ടത്തിലായ മഹിളാമാൾ നടത്തുന്ന ഗ്രൂപ്പിന് തന്നെയാണ് വീണ്ടും കരാർ നൽകുന്നതെന്നും കുറച്ചാളുകൾക്ക് മാത്രം വീതം വക്കാതെ എല്ലാവർക്കും നൽകണമെന്നും കോൺഗ്രസിലെ പി.ഉഷാദേവി ആവശ്യപ്പെട്ടു. കുടുംബശ്രീയെന്ന് കേട്ടാൽ പ്രതിപക്ഷത്തിന് കലിയിളകുമെന്നും മഹിളാമാൾ കോർപഷേന്റെ ഔദ്യോഗിക സംവിധാനമല്ലെന്നും സംരംഭകർക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. പ്രതിപക്ഷം അനാവശ്യവിവാദമുണ്ടാക്കുകയാണ്. ഇക്കാര്യത്തിൽ കോർപറേഷന് ഒന്നും ഒളിച്ച് വക്കാനില്ല. നയാപൈസ ക്രമക്കേടില്ലെന്ന് പറഞ്ഞ ഡെപ്യൂട്ടിമേയർ നേരിട്ട് ആരോപണമുന്നയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. കോർപ്പറേഷൻ ഓഫീസിൽ വരുന്നവർക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് ടെക്നോവേൾഡ് തേർഡ് ഐടിയ്ക്ക് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ കിയോസ്ക് നടത്താൻ അനുവദിച്ചത്. ലൈസൻസ് തുകയിൽ 20 ശതമാനം വർദ്ധിപ്പിച്ചാണ് ലൈസൻസ് പുതുക്കാൻ തീരുമാനിച്ചത്. യു.ഡി.എഫ് അംഗങ്ങൾ കൂടി ഉൾപ്പെടുന്ന ധനകാര്യ സ്ഥിരംസമിതി അംഗീകരിച്ച കൗൺസിലിൽ വന്ന അജണ്ടയെ എതിർക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്ന് ഡെപ്യൂട്ടി മേയർ കുറ്റപ്പെടുത്തി. പൊതുജനങ്ങളിൽ നിന്ന് നിശ്ചയിച്ചതിലും അധികം തുക ഈടാക്കുന്നുണ്ടെന്ന് വ്യക്തമായാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ്ഹിൽ ഗരുഡൻ കുളത്തിൽ കുടുംബശ്രീ ആഭിമുഖ്യത്തിൽ മീൻവളർത്തുന്നതുമായി ബന്ധപ്പെട്ട അജണ്ട, നിബന്ധനകളും മറ്റും തയ്യാറാവത്തതിനാൽ കൗൺസിൽ മാറ്റിവച്ചു. കെ.സി. ശോഭിത, കെ.മൊയ്തീൻകോയ, എസ്.കെ അബൂബക്കർ. കെ.നിർമല, പി.കെ. നാസർ, ടി. രനീഷ്, എം.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.