കോഴിക്കോട്: പ്രമുഖ ബിസിനസ് സംരംഭകനും
പരിസ്ഥിതി പ്രവര്‍ത്തകനും
നിരവധി ട്രസ്റ്റുകളിലെ അംഗവുമായ കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് ഹാജി (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്
ഇന്ന് (07.03.21) വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇ യിലെ
അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ
*പാണ്ട ഫുഡ്സ്,*
ജൂബിലി റസ്റ്റോറൻ്റ്,
ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി-
സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമാണ്.
കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍,
നാറോളിൽ അബ്ദുല്ലയുടെയും
ഞോലയിൽ ഫാത്വിമയുടെയും മകനായി 1928-ല്‍ ജനിച്ച വി. എന്‍. കെ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പണ്ഡിതന്മാരും നേതാക്കളും അടങ്ങുന്ന കുടുംബത്തിലെ അംഗമാണ്.
കടവത്തൂർ വെസ്റ്റ്, തിരുവാൽ യു.പി സ്കൂളുകൾ,
മാഹി എം. എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി.
1944ൽ കൊച്ചിയിലെ ബ്രിട്ടീഷ് നേവിയിൽ ഉദ്യോഗസ്ഥനായി.
1946ൽ അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലേക്ക്
സ്ഥലം മാറ്റം ലഭിച്ചു.
ബ്രിട്ടീഷ് നേവിയിൽ നിന്ന് രാജിവെച്ച്, കറാച്ചിയിൽ പ്രസിദ്ധമായ മലബാർ ടി കമ്പനി ആരംഭിച്ചു. 1977ൽ യു.എ.ഇ യിലെത്തി, ദുബൈ ദേരയിൽ ആദ്യത്തെ *അൽ മദീന സൂപ്പർ മാർക്കറ്റ്* സ്ഥാപിച്ചു. 1996ൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ജൂബിലി കോംപ്ലക്സ്, ജൂബിലി റസ്റ്റോറൻ്റ് എന്നിവ ആരംഭിച്ചു.
1989 ൽ പാണ്ട ഫുഡ്സിന് തുടക്കം കുറിച്ചു.
ഷാൻ ഗാർമെൻ്റ്സ് തലശേരി (1996),
സെൽവ ഫുഡ്സ് ബാംഗ്ലൂർ (1986), കസ്തൂരി ഭവൻ റസ്റ്റാറൻ്റ്, എലൈറ്റ് ബേക്കറി കോയമ്പത്തൂർ എന്നിവയുടെ സ്ഥാപകനാണ്.
വയനാട് കൃഷ്ണഗിരിയിലെ ബുൾബുൾ പ്ലാൻ്റേഷനാണ് മറ്റൊരു സംരംഭം.
മർജാൻ ബേക്കറി ഒമാൻ, ഒഗസ്റ്റോ ബേക്കറി ബത്തേരി,
സാരസി ടെക്റ്റയിൽസ് തലശേരി,
ക്രസൻ്റ് കൊയിലാണ്ടി,
കോയാസ് റഫ്രിജറേറ്റർ,
ഗ്രേറ്റ് എംപോറിയം ഷാർജ തുടങ്ങിയവയിൽ പാർട്ണറാണ്.
ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം മുന്‍ കര്‍ണാടക മന്ത്രി ലളിതാ നായിക് പോലുള്ളവരെ ഉള്‍പ്പെടുത്തി നാച്വറല്‍ കണ്‍സര്‍വേഷന്‍ മൂവ്‌മെന്റ് രൂപീകരിച്ചു.
റോഡരികിൽ നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ച വി.എൻ.കെ അഹമദ്, വനവൽക്കരണ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയുണ്ടായി.
ഇവ്വിഷയകമായി അദ്ദേഹത്തിൻ്റെ നിരവധി അഭിമുഖങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
എൻ.എ.എം കോളേജ് കല്ലിക്കണ്ടി, റിലീജ്യസ് എജ്യുക്കേഷൻ ട്രസ്റ്റ് കുറ്റ്യാടി, ഐഡിയൽ വെൽഫെയർ ട്രസ്റ്റ് കടവത്തൂർ,
നുസ്റത്തുൽ ഇസ്ലാം സംഘം കടവത്തൂർ, മസ്ജിദുർറഹമ പാനൂർ, ദാറുന്നുജൂം യതീംഖാന പേരാമ്പ്ര, പാണ്ട ഫുഡ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റ് വയനാട്, ഹെറിറ്റേജ് ആയുർവേദിക് ട്രസ്റ്റ് പാറാട്ട് തുടങ്ങിയവയിൽ അംഗമാണ്. നീണ്ട ഇരുപത് വർഷം കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ആയിരുന്നു.
ചേന്ദമംഗല്ലുർ ഇസ്ലാഹിയ കോളേജ് ഉൾപ്പെടെ കേരളത്തിലെ നിരവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സേവന സംരംഭങ്ങൾക്കും വലിയ പിന്തുണ നൽകി.
ആഫ്രിക്ക, യൂറോപ്പ്,
ഏഷ്യ ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും വിപുലമായ സുഹൃദ് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്തു.
ബഹുഭാഷാ പരിജ്ഞാനമുണ്ട്.
ഭാര്യ പി.കെ ഖദീജ എലാങ്കോട്.
മക്കൾ ; സുഹ്റ, ഹാറൂൻ, ലുഖ്മാൻ, ആഇശ, ഇംറാൻ, സൽമാൻ, ഖൽദൂൻ.
ജാമാതാക്കൾ;
സി.എച്ച് അബൂബക്കർ തെണ്ടപ്പറമ്പ,
എസ്.വി.പി ലുഖ്മാൻ പഴയങ്ങാടി,
കെ.കെ റഹീമ കടവത്തുർ,
എ.കെ സബീല കുറ്റ്യാടി,
ഒ. സൈബുന്നീസ കൈവേലിക്കൽ,
വി.കെ ശാനിബ എലാങ്കോട്,
വി. കെ ശാബിന എലാങ്കോട്.