കോഴിക്കോട്: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവസമൂഹം പെസഹ ആഘോഷിച്ചു. എബ്രായജനത ഈജിപ്തിൽ വച്ച് ആഘോഷിച്ച പെസഹയുടെ അനുസ്മരണവും, വാഗ്ദത്തദേശത്തേക്കുള്ള കടന്നുപോകലിന്റെ സ്മൃതിയും യഹൂദ കലണ്ടറനുസരിച്ച് നീസാൻമാസം 14ന് കൊണ്ടാടാറുണ്ട്. ക്രിസ്തു അവസാനമായി പെസഹ ആഘോഷിച്ചതിന്റെ ഓർമ്മയാണ് ദേവാലയങ്ങളിൽ ഇന്ന് പെസഹ ആഘോഷിച്ചത്. കlടന്നുപോകൽ എന്നാണ് പെസഹ എന്ന വാക്കിന്റെ അർഥം. യഹൂദർക്ക് അടിമത്തത്തിൽനിന്ന് സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുപോകലാണ് പെസഹയെങ്കിൽ ക്രൈസ്തവർക്കത് ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും വഴി പാപത്തിൽനിന്നു രക്ഷയിലേക്കും ദൈവികജീവനിലേക്കുമുള്ള കടന്നുപോകലാണ്.
അന്ത്യഅത്താഴത്തിനു മുൻപ് യേശു 12 ശിഷ്യരുടെയും പാദം കഴുകിയതിനെ അനുസ്മരിച്ച് ഇന്ന് ദേവാലയങ്ങളിൽ ശുശ്രൂഷാമധ്യെ പാദക്ഷാളനകർമം നടത്തി. പെസഹ വ്യാഴാഴ്ചയാണ് യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് വിശുദ്ധ കുർബാന.
കോഴിക്കോട്ദേവമാതാ കത്തീഡ്രലില്‍ നടന്ന ദിവ്യബലി,കുര്‍ബാന എന്നിവയ്ക്ക് കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പറോപ്പടി സെന്റ് ആന്റണീസ് പള്ളിയില്‍ രാവിലെ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധകുര്‍ബാന, പൊതു ആരാധന എന്നിവ നടന്നു. വികാരി ഫാ. ഡോ. ജോസ് വടക്കേടം, അസി. വികാരി ഫാ ജോസഫ് ലിവിൻ എന്നിവർ കാർമ്മികരായി.