Businesslocaltop news

ഇസാഫ് ബാങ്ക് മുന്‍ഗണനാ ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു

കൊച്ചി: മുന്‍ഗണനാ ഓഹരി വില്‍പ്പനയിലൂടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുള്‍പ്പെടെ യോഗ്യരായ (എച്.എന്‍.ഐ) നിക്ഷേപകര്‍ക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുന്‍ഗണനാ വിഭാഗത്തില്‍ നീക്കിവച്ചിരുന്നത്. 75 രൂപയായിരുന്നു പ്രതിഓഹരി വില. 2020 സെപ്റ്റംബര്‍ 30ലെ ബുക്ക് വാല്യൂ അനുസരിച്ച് പ്രീ ഇഷ്യു ഓഹരി വില 2.64 മടങ്ങും പോസ്റ്റ് ഇഷ്യു 2.45 മടങ്ങുമായിരുന്നു.

“സമാഹരിച്ച അധിക മൂലധനം ബാങ്കിന്റെ മൂലധന പര്യാപ്തത 250 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി കൂടുതല്‍ ശക്തിപ്പെടുത്തുകയും 2022 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ) ഇപ്പോഴത്തെ ആശ്വാസകരമായ മൂലധന നിലയും വിപണി സാഹചര്യവും കണക്കിലെടുത്ത് മാറ്റിവയ്ക്കാനും തീരുമാനിച്ചു”- ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ദുഷ്‌ക്കരമായ സമയത്തും നിക്ഷേപകര്‍ കാണിക്കുന്ന അനുകൂല പ്രതികരണം വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്തും ബാങ്ക് മികച്ച വളര്‍ച്ച കൈവരിച്ചു. 2020-21 സാമ്പത്തിക വര്‍ഷം മൊത്ത ബിസിനസില്‍ 25.86 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപം 28.04 ശതമാനം വര്‍ധിച്ച് 9000 കോടി രൂപയിലെത്തി. വായ്പകള്‍ 23.61 ശതമാനം വര്‍ധിച്ച് 8417 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ ബാങ്കിന്റെ ആകെ ബിസിനസ് 17,412 കോടി രൂപയും കടന്നു. മുന്‍ വര്‍ഷം ഇത് 13,835 കോടി ആയിരുന്നു. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് 82 ശതമാനമെന്ന വളരെ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് 96 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറന്നതോടെ ആകെ ശാഖകളുടെ എണ്ണം 550 ആയി. നിലവില്‍, 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും  ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് സാന്നിധ്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close